| Friday, 14th April 2023, 12:10 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ സ്‌കോര്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ട്; വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നത്.

പരിശീലകന്‍ എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തിയിട്ടുണ്ടെന്നും ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നിയിരുന്നെന്നും റൊണാള്‍ഡോ അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ മോശം പ്രകടനം കാഴ്ച വെക്കാനിടയായ കാരണവും അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയിരുന്നു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തിയ താരം മികച്ച പ്രകടനമാണ് ക്ലബ്ബില്‍ കാഴ്ചവെക്കുന്നത്. യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചില്‍ ഇരിക്കേണ്ടി വരികയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെയും വന്നതോടെ താരം ഫോം ഔട്ട് ആയെന്നും പ്രായാധിക്യം താരത്തിന്റെ കളിയെ ബാധിച്ച് തുടങ്ങിയിട്ടുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അതെല്ലാം അസ്ഥാനത്താക്കികൊണ്ട് റൊണാള്‍ഡോ അല്‍ നസറില്‍ മികച്ച് മുന്നേറുന്ന പശ്ചാത്തലത്തില്‍ താരത്തിന്റെ പഴയ അഭിമുഖം ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

മാനസികമായി വലിയ പ്രതിസന്ധിയിലൂടെയായിരുന്നു താന്‍ കടന്നുപോയതെന്നും തന്റെ കുഞ്ഞിന് അസുഖമായതിനാല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിവരം മാനേജ്മെന്റിനെ അറിയിച്ചിട്ടുംഅവര്‍ വിശ്വസിച്ചില്ലെന്നും റൊണാള്‍ഡോ അഭിമുഖത്തില്‍ പറഞ്ഞു.

‘എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത്, എന്റെ കുഞ്ഞിന്റെ ദയനീയാവസ്ഥ യുണൈറ്റഡിനെ അറിയിച്ചിട്ടും അവരുടെ നിലപാട് കണ്ടപ്പോഴാണ്. ഒരാഴ്ചയോളം മരണക്കിടക്കയില്‍ മല്ലിട്ട് കിടക്കുകയായിരുന്നു എന്റെ കുഞ്ഞ്.

അതുകൊണ്ട് എനിക്ക് മത്സരങ്ങളുടെ പ്രീ സീസണില്‍ പോകാന്‍ സാധിച്ചിരുന്നില്ല. എനിക്കെന്റെ കുടുബത്തെ ആ സമയത്ത് ഉപേക്ഷിച്ച് പോകാന്‍ സാധിക്കുമായിരുന്നില്ല. വിവരം അറിയിച്ചിട്ട് മാനേജ്‌മെന്റ് എന്നെ മനസിലാക്കിയിരുന്നില്ല,’ റൊണാള്‍ഡോ പറഞ്ഞു.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നു.

ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.

സൗദി ക്ലബ്ബിനായി 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ സ്വന്തമാക്കിയത്. കൂടാതെ സൗദി പ്രോ ലീഗിലെ ടോപ്പ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്താണ് റൊണാള്‍ഡോയുടെ സ്ഥാനം. പ്രോ ലീഗില്‍ നിലവില്‍ 22 മത്സരങ്ങളില്‍ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlights: Cristiano Ronaldo shares experience in Manchester United

We use cookies to give you the best possible experience. Learn more