| Monday, 31st October 2022, 10:47 am

'മൂന്ന് പ്രധാന പോയിന്റുകള്‍' പലര്‍ക്കുമുള്ള മുന്നറിയിപ്പോ? വിജയത്തിന് പിന്നാലെ പോസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.

മൂന്ന് പ്രധാന പോയിന്റുകള്‍ (3 important points) എന്നെഴുതി ചില ഇമോജികളാണ് താരം പങ്കുവെച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍ നേട്ടം ആഘോഷിക്കുന്ന ചിത്രത്തിന് ക്യാപ്ഷനായാണ് താരം ഇത് കുറിച്ചത്.

ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ട് വിട്ട് പോയതിന് കോച്ച് എറിക് ടെന്‍ ഹാഗ് സസ്‌പെന്‍ഡ് ചെയ്ത ശേഷമുള്ള താരത്തിന്റെ രണ്ടാമത് മാത്രം മത്സരമായിരുന്നു ഇത്.

ആദ്യ മത്സരത്തില്‍ യൂറോപ്പ ലീഗില്‍ ഷെരിഫിനെതിരെ ഗോള്‍ നേടുകയും പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതിന് പിന്നാലെയാണ് താരത്തിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ 90 മിനിട്ടും ക്രിസ്റ്റ്യാനോ കളിച്ചിരുന്നു.

ക്രിസ്റ്റ്യാനോയുടെ പോസ്റ്റ് പലര്‍ക്കുമുള്ള ഒരു സന്ദേശമായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്.

വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. മത്സരത്തിന്റെ 38ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നേടിയ ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ ഹാമ്മേഴ്‌സിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ വീണ്ടും പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോള്‍ പോസ്റ്റ് വഴി മുടക്കിയതോടെ മാഞ്ചസ്റ്ററിന് ഒറ്റ ഗോള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

എന്നാല്‍ വെസ്റ്റ് ഹാമിനെ യഥാര്‍ത്ഥത്തില്‍ തോല്‍പിച്ചത് മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡി ഗിയ ആണ്. ഗോളെന്നുറപ്പിച്ച മൂന്നിലധികം ഷോട്ടുകളാണ് ഡി ഗിയ തടുത്തിട്ടത്. ഹാമ്മേഴ്‌സിനും ഗോള്‍ പോസ്റ്റിനും മുന്നില്‍ കോട്ട പണിത ഡി ഗിയയെ മറികടക്കാന്‍ സാധിക്കാതെ വന്നതോടെ വെസ്റ്റ് ഹാം പരാജയം സമ്മതിച്ചു.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ 12 മത്സരത്തില്‍ നിന്നും 23 പോയിന്റാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. ഏഴ് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് യുണൈറ്റഡിനുള്ളത്.

നവംബര്‍ മൂന്നിനാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയില്‍ റയല്‍ സോസിഡാഡുമായാണ് മാഞ്ചസ്റ്റര്‍ ഏറ്റുമുട്ടുന്നത്. അഞ്ച് കളിയില്‍ നിന്നും നാല് മത്സരം ജയിച്ച മാഞ്ചസ്റ്റര്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ്. അഞ്ചില്‍ അഞ്ചും ജയിച്ച സോസിഡാഡ് ഒന്നാം സ്ഥാനത്താണ്.

Content Highlight: Cristiano Ronaldo shares a message after 1-0 victory against West Ham United

We use cookies to give you the best possible experience. Learn more