സ്റ്റേഡിയത്തിലെ അന്തരീക്ഷം അവിശ്വസനീയമായിരുന്നു; സന്തോഷം പങ്കുവെച്ച് റൊണാള്‍ഡോ
Football
സ്റ്റേഡിയത്തിലെ അന്തരീക്ഷം അവിശ്വസനീയമായിരുന്നു; സന്തോഷം പങ്കുവെച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd October 2023, 1:09 pm

സൗദി പ്രോ ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡമാക് എഫ്.സിയെ തോല്‍പ്പിച്ചുകൊണ്ട് അല്‍ നസര്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഒരു ഫ്രീകിക്ക് ഗോളിലൂടെ അല്‍ നസറിന് വിജയം നേടികൊടുക്കുകയായിരുന്നു.

മത്സരശേഷം അവിസ്മരണീയ വിജയത്തില്‍ ആരാധകര്‍ നല്‍കിയ വലിയ പിന്തുണക്ക് നന്ദി അറിയിച്ചുകൊണ്ട് റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

‘ഇന്നത്തെ രാത്രിയിലെ സ്റ്റേഡിയത്തിലെ അന്തരീക്ഷം വളരെ അവിശ്വസനീയമായിരുന്നു. ഈ വിജയത്തില്‍ സന്തോഷമുണ്ട് എല്ലാ മത്സരങ്ങളും വിജയിക്കാനായി ഞങ്ങള്‍ കഠിനധ്വാനം ചെയ്യും. ഇത്തരത്തിലുള്ള മനോഹരമായ ആദരവ് നല്‍കിയതിന് ആരാധകര്‍ക്ക് ഒരുപാട് നന്ദി,’ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പോര്‍ച്ചുഗലിനായി 200 മത്സരങ്ങള്‍ കളിക്കുന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച പുരുഷതാരം എന്ന റെക്കോഡിലേക്കാണ് റോണോ നടന്നുകയറിയത്.

ഇതിഹാസതാരത്തിന്റ ഈ നേട്ടത്തില്‍ 200 എന്നെഴുതിയ റൊണാള്‍ഡോയുടെ വലിയ ബാനര്‍ ഗാലറികളില്‍ പ്രദര്‍ശിപ്പിച്ചു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഡമാക് എഫ്.സി യാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ മത്സരത്തിന്റെ 52ാം മിനിട്ടില്‍ ടലിസ്‌ക മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെ അല്‍ നസറിനെ മത്സരത്തില്‍ ഒപ്പമെത്തിക്കുകയായിരുന്നു. നാല് മിനിട്ടുകള്‍ക്ക് ശേഷം 56ാം മിനിട്ടില്‍ റോണോയുടെ വക ഒരു മഴവില്‍ ഗോളും വന്നതോടെ മത്സരം അല്‍ നാസര്‍ പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തില്‍ നേടിയ ഗോളോടെ ഒരുപിടി മികച്ച നേട്ടത്തിലേക്കാണ് ഈ 38കാരന്‍ കാലെടുത്തുവെച്ചത്. 2023ല്‍ 50+ ഗോള്‍ അസ്സിസ്റ്റ് നേടിയ താരവും, 41 ഗോളുകള്‍ നേടിക്കൊണ്ട് ടോപ്പ് സ്‌കോറര്‍ സ്ഥാനവും റോണോ സ്വന്തം പേരിലാക്കി മാറ്റി. നിലവില്‍ സൗദി ലീഗില്‍ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും റൊണാള്‍ഡോ നേടിയിട്ടുണ്ട്.

ജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഈ മിന്നും ഫോം ടീമിന്റെ കിരീട സാധ്യതകള്‍ എളുപ്പമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Cristiano Ronaldo share the happiness of the  huge support Al nasser fans.