2024 യൂറോ യോഗ്യത മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഇപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ്. ഇപ്പോഴിതാ സ്വന്തം രാജ്യത്തിനായി കളിക്കാന്‍ എത്തിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് റൊണാള്‍ഡോ.
പോര്‍ച്ചുഗല്‍ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചാണ് റോണോ സന്തോഷം പ്രകടിപ്പിച്ചത്. ‘നാട്ടിലേക്ക് മടങ്ങുമ്പോഴെല്ലാം സന്തോഷം തോന്നുന്നു’ എന്നായിരുന്നു ചിത്രങ്ങള്‍ക്ക് അടിയില്‍ എഴുതിയിരുന്ന ക്യാപ്ഷന്‍.
നേരത്തേ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ 2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യത മത്സരങ്ങളില്‍ 32 ഗോളുകള്‍ ആണ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ പോര്‍ച്ചുഗല്‍ എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്.
യോഗ്യത മത്സരങ്ങളില്‍ മിന്നും ഫോമിലായിരുന്നു റൊണാള്‍ഡോ. ഏഴ് മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകള്‍ അക്കൗണ്ടില്‍ ആക്കികൊണ്ട് മികച്ച പ്രകടനമാണ് ഈ 38കാരന്‍ നടത്തിയത്.
പോര്‍ച്ചുഗലിനായി 127 ഗോള്‍ നേടികൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള റൊണാള്‍ഡോ ഇനിയും തന്റെ ഗോളടിമേളം തുടരുമെന്ന് ഉറപ്പാണ്.
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയിലും മുന്‍ പന്തിയില്‍ ഉണ്ട് റൊണാള്‍ഡോ. 45 ഗോളുകളുമായി മുന്നേറുകയാണ് റോണോ. സൗദി ലീഗില്‍ അല്‍ നസറിന് വേണ്ടിയും മികച്ച ഫോമിലാണ് താരം. 11 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റുകളും റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുണ്ട്.