യൂറോപ്പ ലീഗില്‍ ഷെരീഫിനെതിരെ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ കലണ്ടര്‍ ഇയറില്‍ റൊണാള്‍ഡോയുടെ 15ാം ഗോളാണിത്. ഈ ഗോളിന് പിന്നാലെയാണ് താരം അത്യപൂര്‍വ റെക്കോഡിന് ഉടമയായിരിക്കുന്നത്.
തുടര്‍ച്ചയായ 18ാം വര്‍ഷമാണ് താരം ഒരു കലണ്ടര്‍ ഇയറില്‍ പതിനഞ്ചോ അതില്‍ അധികമോ ഗോള്‍ നേടുന്നത്. 2005ല്‍ തുടങ്ങിയ ഈ നേട്ടം റൊണാള്‍ഡോ ഇപ്പോഴും തുടരുകയാണ്.
യൂറോപ്പ ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെരീഫിനെ പരാജയപ്പെടുത്തിയത്.
മികച്ച അറ്റാക്കിങ് ഗെയിമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ക്കുതന്നെ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മാഞ്ചസ്റ്ററിന് സാധിച്ചിരുന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
ഒടുവില്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയായിരുന്നു മാഞ്ചസ്റ്ററിന്റെ ആദ്യ ഗോള്‍ പിറന്നത്. 44ാം മിനിട്ടില്‍ ഡിയോഗോ ഡാലോട്ടിലൂടെയായിരുന്നു മാഞ്ചസ്റ്റര്‍ ഗോള്‍ നേടിയത്.
ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച മാഞ്ചസ്റ്ററിന് വീണ്ടും അവസരങ്ങള്‍ ലഭിച്ചു. അത്തരത്തില്‍ ഒരു അവസരം റൊണാള്‍ഡോ കൃത്യമായി വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
എന്നാല്‍ കൃത്യം അഞ്ച് മിനിട്ടിന് മാഞ്ചസ്റ്റര്‍ മറ്റൊരു ഗോള്‍ നേടി ലീഡ് ഉയര്‍ത്തി. 65ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് മാഞ്ചസ്റ്ററിനായി രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
തുടര്‍ന്ന് 81ാം മിനിട്ടിലായിരുന്നു റൊണാള്‍ഡോ ഗോള്‍ നേടിയത്. ആദ്യത്തെ ശ്രമത്തില്‍ ഗോളി പന്ത് തടുത്തിടുകയും എന്നാല്‍ രണ്ടാം ശ്രമത്തില്‍ പന്ത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്താണ് റൊണാള്‍ഡോ കലണ്ടര്‍ ഇയറിലെ 15ാം ഗോളും മത്സരത്തില്‍ മാഞ്ചസ്റ്ററിന്റെ മൂന്നാം ഗോളും സ്വന്തമാക്കിയത്.
കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇ സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 12 പോയിന്റാണ് മാഞ്ചസ്റ്ററിനുളളത്.
ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡുമായാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. നവംബര്‍ മൂന്നിന് സോസിഡാഡിന്റെ ഹോം സ്‌റ്റേഡിയമായ എസ്റ്റാഡിയോ അനോട്ടയില്‍ വെച്ചാണ് മത്സരം.