ഇതിഹാസമെന്ന വിളിപ്പേരിന് എന്തുകൊണ്ടാണ് താന്‍ അര്‍ഹനെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചാണ് റൊണാള്‍ഡോ പുതിയ റെക്കോഡ് തന്റെ പേരിന് നേരെ കുറിച്ചത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന ഐതിഹാസിക നേട്ടത്തിലേക്കാണ് താരം കാലെടുത്തുവെച്ചത്.
തൊട്ടതെല്ലാം പൊന്നാക്കിയ, ചെന്നെത്തിപ്പെട്ട ഇടമെല്ലാം കീഴടക്കിയ റൊണാള്‍ഡോ സ്പാനിഷ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരി എ തുടങ്ങി യൂറോപ്പിലെ ടോപ് ടയര്‍ ലീഗുകളിലെല്ലാം തന്റെ മാജിക് തെളിയിച്ചതാണ്.
ഇപ്പോള്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുക്കുകയാണ് റൊണാള്‍ഡോ. ഒരു അഭിമുഖത്തില്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി പന്തുതട്ടിയ റയാന്‍ ഗിഗ്‌സാണ് അഞ്ചാം സ്ഥാനത്ത്. ക്ലബ്ബിനോട് ഏറെ ആത്മാര്‍ത്ഥതയുള്ള താരമായിരുന്നു അദ്ദേഹം. 13 റെക്കോഡ് പ്രീമിയര്‍ ലീഗ് ടൈറ്റിലുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 600 മത്സരങ്ങളിലധികം ടീമിന് വേണ്ടി കളത്തിലിറങ്ങിയ അദ്ദേഹം തന്റെ ലെഗസിയും കണ്‍സിസ്റ്റന്‍സിയും ലീഡര്‍ഷിപ്പും തെളിയിച്ച താരമാണ്.
നാലാം സ്ഥാനത്ത് വെയ്ന്‍ റൂണിയാണ്. അദ്ദേഹം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും എവര്‍ട്ടണിനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ് റൂണി. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഡൈനാമിക്കായ ഫോര്‍വേര്‍ഡുകളില്‍ ഒരാളാണ്. അഞ്ച് ലീഗ് ടൈറ്റിലുകളാണ് അദ്ദേഹം തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
രണ്ടാം സ്ഥാനം ബ്ലാക്‌ബേണ്‍ റോവേഴ്‌സിനും ന്യൂകാസില്‍ യുണൈറ്റഡിനും വേണ്ടി കളത്തിലിറങ്ങിയ അലന്‍ ഷിയററിനാണ്. 260 ഗോളുകള്‍ നേടി പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് അദ്ദേഹം. 94ലും 95ലും അദ്ദേഹം ന്യൂകാസിലിനെ കിരീടത്തിലേക്ക് നയിച്ചു. ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലും ഇന്നും ഷിയറര്‍ ഇതിഹാസ തുല്യനായി തുടരുന്നു.
ആഴ്‌സണലിനായി കളത്തിലിറങ്ങിയ തിയറി ഹെന്റിക്കാണ് ആദ്യ സ്ഥാനം നല്‍കുന്നത്. ഗോള്‍ സ്‌കോറിങ്ങിന് പേരുകേട്ട മികച്ച സ്‌ട്രൈക്കറാണ് അദ്ദേഹം. ഗണ്ണേഴ്‌സിനൊപ്പം രണ്ട് ലീഗ് ടൈറ്റിലുകള്‍ സ്വന്തമാക്കി. 2003-04 സീസണില്‍ ആഴ്‌സണലിന്റെ അനിഷേധ്യമായ പ്രകടനത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം.
എന്തുകൊണ്ട് ഞാന്‍ മൂന്നാം സ്ഥാനം സ്‌കിപ് ചെയ്തുവെന്ന് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടാകാം. ആ സ്ഥാനത്തിന് എനിക്ക് അര്‍ഹതയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവീറോയാണ് ഇടം നേടുന്നത്,’ റോണാള്‍ഡോ പറഞ്ഞു.
Content highlight: Cristiano Ronaldo selects all time best players of English Premier League