| Tuesday, 12th December 2023, 4:28 pm

2023ലെ 50ാം ഗോള്‍, പുതിയ ഗോള്‍ സെലിബ്രേഷന്‍, ഇനിയും പലതും ബാക്കിയുണ്ടെന്ന മുന്നറിയിപ്പും; അല്‍ നസര്‍ നായകന്‍ കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ തന്റെ 50ാം ഗോള്‍ നേട്ടം ആഘോഷമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അല്‍ ഷബാബിനെതിരെ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോ ഈ വര്‍ഷത്തെ 50ാം ഗോള്‍ ആഘോഷമാക്കിയത്. അല്‍ നസറിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടിയാണ് അദ്ദേഹം ഗോളുകള്‍ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 74ാം മിനിട്ടിലാണ് റൊണാള്‍ഡോ ഗോള്‍വല ചലിപ്പിച്ചത്. റൊണാള്‍ഡോ – ഒട്ടാവിയോ കൂട്ടുകെട്ടില്‍ പിറന്ന മുന്നേറ്റം ഷബാബ് ഗോള്‍ കീപ്പര്‍ കിം സോങ് ഗ്യൂവിനെ മറികടന്ന് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. ഈ വര്‍ഷത്തെ 50ാം ഗോളാണ് റൊണാള്‍ഡോ നേടിയത്.

ഈ ഗോളിന് പിന്നാലെ താരത്തിന്റെ പുതിയ ഗോള്‍ സെലിബ്രേഷനും വൈറലാവുകയാണ്. റൊണാള്‍ഡോയെ പോലെ ലോകത്തെമ്പാടും ആരാധകരുള്ള Suiiiക്ക് പകരം പുതിയ രീതിയിലാണ് റൊണാള്‍ഡോ ഗോള്‍ നേട്ടം ആഘോഷിച്ചത്.

ഈ ഗോളിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

‘ഗ്രേറ്റ് വിക്ടറി. 2023ലെ എന്റെ 50ാം ഗോള്‍ നേട്ടം ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നതില്‍ എറെ സന്തോഷവാനാണ്. ടീം അംഗങ്ങളുടെയും ആരാധകരുടെയും അചഞ്ചലമായ പിന്തുണക്ക് നന്ദി. ഈ വര്‍ഷം ഇനിയും ഗോളുകള്‍ നേടാനുള്ള സാധ്യതകളുണ്ട്,’ വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.

സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. കളിച്ച 22 മത്സരത്തില്‍ നിന്നും 20 ഗോളും 10 അസിസ്റ്റുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

അതേസമയം, ഷബാബിനെതിരായ മത്സരത്തിന്റെ സിംഹഭാഗവും കളി അല്‍ നസറിന്റെ വരുതിയില്‍ തന്നെയായിരുന്നു. പന്തടക്കത്തിലും ഷോട്ടുകളിലും പുലര്‍ത്തിയ അതേ ഡോമിനനന്‍സ് ഗോളടിക്കുന്നതിലും തുടര്‍ന്നപ്പോള്‍ മഞ്ഞക്കുപ്പായക്കാര്‍ മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ വിജയിച്ചുകയറി.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ സെക്കോ ഫൊഫാനയിലൂടെ അല്‍ നസര്‍ ലീഡെടുത്തെങ്കിലും 24ാം മിനിട്ടില്‍ ബ്രസീല്‍ താരം കാര്‍ലോസിലൂടെ അല്‍ ഷബാബ് തിരിച്ചടിച്ചു.

സമനില ഗോള്‍ വഴങ്ങി കൃത്യം നാലാം മിനിട്ടില്‍ അല്‍ നസര്‍ വീണ്ടും ലീഡ് നേടി. സാദിയോ മാനെയാണ് സൗദി വമ്പന്‍മാര്‍ക്കായി രണ്ടാം ഗോള്‍ നേടിയത്.

ആദ്യ പകുതിയുടെ അധികസമയത്ത് അബ്ദുറഹ്‌മാന്‍ ഗാരിബിലൂടെ അല്‍ നസര്‍ ലീഡ് ഇരട്ടിയാക്കി.

3-1 എന്ന ലീഡോടെ രണ്ടാം പകുതി ആരംഭിച്ച അല്‍ നസറിനായി 74ാം മിനിട്ടില്‍ ക്യാപ്റ്റന്‍ വലകുലുക്കി. റൊണാള്‍ഡോ – ഒട്ടാവിയോ കൂട്ടുകെട്ടില്‍ പിറന്ന ഗോളില്‍ അല്‍ നസറിന്റെ ലീഡ് വീണ്ടും ഉയരുകയായിരുന്നു.

90ാം മിനിട്ടില്‍ ഷബാബ് തങ്ങളുടെ രണ്ടാം ഗോള്‍ നേടി. കരാസ്‌കോയുടെ ഷോട്ട് അല്‍ നസര്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും പന്ത് വീണ്ടെടുത്ത ഹാട്ടന്‍ ബെബ്രി ഗോള്‍വല കുലുക്കി.

രണ്ടാം പകുതിയുടെ അധിക സമയത്ത് മറാന്‍ അഞ്ചാം ഗോളും നേടിയതോടെ ആധികാരികമായി തന്നെ അല്‍ നസര്‍ സെമിയില്‍ പ്രവേശിക്കുകയായിരുന്നു.

Content Highlight: Cristiano Ronaldo scores his 50th goal in 2023 against Al Shabab

We use cookies to give you the best possible experience. Learn more