ഇങ്ങേരിത് സീരിയസായി തന്നെ പറഞ്ഞതാണോ! 900ലും നിര്‍ത്താതെ, ലക്ഷ്യം ഏറെ വലുത്
Sports News
ഇങ്ങേരിത് സീരിയസായി തന്നെ പറഞ്ഞതാണോ! 900ലും നിര്‍ത്താതെ, ലക്ഷ്യം ഏറെ വലുത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 9th September 2024, 8:22 am

നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് വീണ്ടും വിജയം. സ്‌കോട്‌ലാന്‍ഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ മടങ്ങിവരവ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്. 4-3-3 എന്ന രീതിയിലാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-2-3-1 ഫോര്‍മേഷനാണ് സ്‌കോട്‌ലാന്‍ഡ് അവലംബിച്ചത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ സ്‌കോട്ടിഷ് പട പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. നോര്‍വിച്ച് സൂപ്പര്‍ താരം കെന്നി മക് ലീനിന്റെ അസിസ്റ്റില്‍ സ്‌കോട് മക്ടോമിനയ് ആണ് സ്‌കോട്‌ലാന്‍ഡിനായി വലകുലുക്കിയത്.

തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ മുന്നേറ്റ നിര കിണഞ്ഞുശ്രമിച്ചെങ്കിലും അതെല്ലാം സ്‌കോട്‌ലാന്‍ഡിന്റെ പ്രതിരോധ മതിലില്‍ തട്ടി അവസാനിച്ചു.

ആദ്യ പകുതിയില്‍ പറങ്കിപ്പടയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍ 1-0ന്റെ ലീഡുമായി സ്‌കോട്‌ലാന്‍ഡ് മത്സരത്തില്‍ മേല്‍ക്കൈ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെഡ്രോയെ പിന്‍വലിച്ച് മാര്‍ട്ടീനോ റൊണാള്‍ഡോയെ കളത്തിലിറക്കി. റൂബന്‍ നീവ്‌സിനെയും മാര്‍ട്ടീനോ കളത്തിലിറക്കിയിരുന്നു.

രണ്ടാം പകുതിയുടെ ഒമ്പതാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്.

മത്സരം മുറുകിയപ്പോള്‍ പലപ്പോഴായി റഫറിക്ക് മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു.

1-1ന് സമനിലയില്‍ നില്‍ക്കവെ ലീഡ് നേടാന്‍ ഇരുടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും അതില്‍ വിജയം കണ്ടത് പോര്‍ച്ചുഗലാണ്. നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ലീഡ് സ്വന്തമാക്കി. നുനോ മെന്‍ഡിസിന്റെ അസിസ്റ്റിലാണ് റോണോ ഗോള്‍ സ്വന്തമാക്കിയത്.

ഈ ഗോളോടെ തന്റെ സീനിയര്‍ കരിയറിലെ ഗോള്‍ നേട്ടം 901 ആയി ഉയര്‍ത്താനും ക്രിസ്റ്റ്യാനോക്ക് സാധിച്ചു. ദേശീയ ജേഴ്‌സിയില്‍ താരത്തിന്റെ 132ാം ഗോളാണിത്.

നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിലാണ് റോണാള്‍ഡോ 900ാം ഗോള്‍ നേടിയത്. ഇതോടെ ഒഫീഷ്യല്‍ മത്സരങ്ങളില്‍ നിന്നായി 900 ഗോള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.

900 ഗോള്‍ എന്ന ചരിത്ര നേട്ടത്തിന് അടുത്തെത്തി നില്‍ക്കവെ തന്റെ ലക്ഷ്യം 900 ഗോളുകളല്ല, 1000 ആണെന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ നേട്ടത്തിലേക്കുള്ള കുതിപ്പ് ആരംഭിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ പടനായകന്‍.

ഈ വിജയത്തിന് പിന്നാലെ ലീഗ് വണ്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ഒന്നാമത് തുടരുന്നത്.

ഒക്ടോബര്‍ 13നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍. നാഷണല്‍ സ്‌റ്റേഡിയം വര്‍സോയാണ് വേദി.

 

Content Highlight: Cristiano Ronaldo scored 901 senior goal, Portugal defeated Scotland