Sports News
ഇനി അധികകാലമില്ല; തുറന്നുപറഞ്ഞ് റോണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 06, 09:05 am
Friday, 6th September 2024, 2:35 pm

കരിയറില്‍ ഇനി ഏതെങ്കിലുമൊരു പ്രത്യേക റെക്കോഡ് ലക്ഷ്യമിടുന്നില്ലെന്ന് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗില്‍ ക്രോയേഷ്യക്കെതിരെ കരിയറിലെ 900ാം ഗോള്‍ നേടിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദഹം.

കനാല്‍ 11ന് നല്‍കിയ അഭിമുഖത്തിലാണ് റോണോ തന്റെ ഭാവിയെ കുറിച്ച് വ്യക്തമാക്കിയത്.

 

‘ഇത് വളരെയധികം സന്തോഷം നല്‍കുന്ന സന്ദര്‍ഭമാണ്. അവസാനം അടുത്തുവരികയായി എന്നതിനാല്‍ തന്നെ ഞാന്‍ ഓരോ നിമിഷവും ആസ്വദിക്കുകയാണ്. ഞാന്‍ കള്ളം പറയുകയല്ല.

ഇനിയെത്രകാലം, ഒരു വര്‍ഷം, അതല്ലെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷം, എനിക്ക് അറിയില്ല. ഇതെല്ലാം എന്റെ ഫിസിക്കല്‍ കണ്ടീഷനെയും കളിക്കളത്തില്‍ തുടരാനുള്ള മോട്ടിവേഷനെയും ആശ്രയിച്ചിരിക്കും. ഇതിനെക്കുറിച്ചെല്ലാം ഞാന്‍ ഏറെ ചിന്തിക്കണം.

ഞാന്‍ പറഞ്ഞതുപോലെ ഇനിയെല്ലാം ഓരോ സന്ദര്‍ഭവും നിമിഷവും ആസ്വദിക്കുന്നതിനെ കുറിച്ചാണ്. ഞാന്‍ ദീര്‍ഘവീക്ഷണത്തോടെ ഒന്നും തന്ന പ്ലാന്‍ ചെയ്യുന്നില്ല. അത് ഇനി എന്റെ ജീവിതത്തില്‍ ഉണ്ടായെന്ന് വരില്ല. ഇനിയെല്ലാം കുറച്ചുകാലത്തേക്ക് മാത്രം.

നേഷന്‍സ് ലീഗ് മത്സരങ്ങള്‍ ആസ്വദിക്കുക എന്നതാണ് ഇപ്പോള്‍ എന്റെ മുമ്പിലുള്ളത്. അത് വളരെ മികച്ച ലീഗാണ്. ഞങ്ങള്‍ മത്സരം ഇതിനോടകം തന്നെ ജയിച്ചുകഴിഞ്ഞു, ഞങ്ങള്‍ക്കത് ഇനിയും നേടണം.

ഇനി റെക്കോഡുകളെ കുറിച്ച്, ആത്മാര്‍ത്ഥമായി പറയട്ടെ ഇപ്പോള്‍ റെക്കോഡുകളല്ല എന്നെ മുമ്പോട്ട് നയിക്കുന്നത്.

തീര്‍ച്ചയായും ഇത്തരം ചെറിയ ചെറിയ റെക്കോഡുകള്‍ വീണ്ടും ഓരോ ദിവസവും കളത്തിലിറങ്ങാനുള്ള പ്രചോദനമാണ്. പക്ഷേ ഇപ്പോള്‍ അതൊന്നുമല്ല എന്നെ നയിക്കുന്നത്. ഇപ്പോള്‍ ഫുട്‌ബോളില്‍ നിന്ന് എനിക്ക് നഷ്ടമായതെന്തോ അത് ആസ്വദിക്കുകയാണ്. അതാണ് എന്നെ മുമ്പോട്ട് നയിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

ലിസ്ബണില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ 2018 ലോകകപ്പ് ഫൈനലിസ്റ്റുകളെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ ഡിയാഗോ ഡാലട്ട് പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടി.

മത്സരത്തിന്റെ 34ാം മിനിട്ടിലാണ് റോണോയുടെ കാലില്‍ നിന്നും ചരിത്ര ഗോള്‍ പിറന്നത്.

41ാം മിനിട്ടില്‍ ഡാലട്ടിന്റെ സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യ അക്കൗണ്ട് തുറന്നു. എന്നാല്‍ മത്സരത്തില്‍ മറ്റൊരു ഗോള്‍ കണ്ടെത്താന്‍ ഇരു ടീമിനും സാധിക്കാത്തതിന് പിന്നാലെ മത്സരം 2-1ന് പോര്‍ച്ചുഗല്‍ സ്വന്തമാക്കി.

 

Content highlight: Cristiano Ronaldo says he is no more guided by records