|

'നാഷണല്‍ ജേഴ്‌സിയില്‍ ദേശീയ ഗാനം ആരംഭിക്കുമ്പോള്‍ ഇപ്പോഴും കാലുകള്‍ വിറക്കും'; മനസ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നാഷണല്‍ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഇപ്പോളും തന്റെ കാലുകള്‍ വിറക്കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. യുവേഫ യൂറോ 2024ന്റെ യോഗ്യത മത്സരത്തില്‍ ഐസ്‌ലാന്‍ഡിനോട് പോരാടാനൊരുങ്ങവെ റെക്കോഡ് പോര്‍ച്ചുഗലിനോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘നാഷണല്‍ ടീമില്‍ ഞാനെപ്പോഴും വികാരവിവശനാണ്. ദേശീയ ഗാനം ആരംഭിക്കുമ്പോള്‍ പേടിയനുഭവപ്പെടാറുണ്ട്. അത് നല്ലതാണ്. ഉത്തരവാദിത്തത്തിന്റെയും അഭിമാനത്തിന്റെയും മോട്ടിവേഷന്റെയും സൂചകമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കരിയറിന്റെ ഉന്നതിയാണ്.

നിരന്തരം എന്റെ ഫോമിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. എനിക്ക് നന്നായി ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗോള്‍ സ്‌കോര്‍ ചെയ്തും മികച്ച പ്രകടനം പുറത്തെടുത്തും ടീമിനെ സഹായിക്കാന്‍ കഴിയുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

നേതൃത്വം എന്റെ സാന്നിധ്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ടീമിനൊപ്പം ഉണ്ടാകും. ബ്രൂണോ ആല്‍വ്‌സ് പറഞ്ഞത് പോലെ, ഞാനെന്റെ സ്ഥാനം വെറുതെ നല്‍കില്ല. പോര്‍ച്ചുഗലിന് വേണ്ടി എന്നാലാകുന്ന സഹായം നല്‍കുകയാണ് എന്റെ ലക്ഷ്യം,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം, ഞായറാഴ്ച ബോസ്‌നിയക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ബെര്‍ണാര്‍ഡോ സില്‍വയുടെ ഒരു ഗോളും ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകളുമാണ് പോര്‍ച്ചുഗലിനെ ജയത്തിലേക്ക് നയിച്ചത്.

നേരത്തെ ലീച്ചെന്‍സ്റ്റീനും ലക്‌സംബോര്‍ഗിനുമെതിരായ മത്സരങ്ങളില്‍ ക്രിസ്റ്റിയാനോ ഇരട്ട ഗോള്‍ വീതം നേടിയിരുന്നു. ടീം പോര്‍ച്ചുഗലില്‍ റോണോ നിര്‍ണായക താരമാണെന്നാണ് പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ് വിശ്വസിക്കുന്നത്. പ്രായം ഒരു പ്രശ്‌നമല്ലെന്നും റൊണാള്‍ഡോയുടെ പ്രകടനത്തിനാണ് താന്‍ പ്രാധാന്യം നല്‍ക്കുന്നതെന്നും മാര്‍ട്ടിനെസ് നേരത്തെ പറഞ്ഞിരുന്നു.

ബുധനാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 12.15നാണ് യുവേഫ യൂറോ യോഗ്യതാ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഐസ് ലാന്‍ഡിനെ നേരിടുക.

Content Highlights: Cristiano Ronaldo says he is always nervous if he is in national jersey

Video Stories