ഖത്തര്‍ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗലിന്റെ പുറത്താകലോടെ ജന്മനാട്ടിലേക്ക് മടങ്ങിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ ഒരു ക്ലബ്ബിലും അംഗമല്ലാത്തതിനാല്‍ താരത്തിന്റെ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണ് ആരാധകര്‍.
സ്‌പെയ്‌നില്‍ എത്തിയ റോണോ റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പില്‍ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയപ്പോള്‍ താരം തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് തിരികെ പോകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
തങ്ങളുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന റോണോയെ തിരികെയെത്തിക്കാന്‍ റയല്‍ ശ്രമിക്കുകയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ റൊണാള്‍ഡോ മാഡ്രിഡ് പരിശീലന ക്യാമ്പ് വിട്ടെന്നും തന്റെ പ്രൈവറ്റ് ജെറ്റില്‍ ദുബായിലേക്ക് പറന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
താരം വാല്‍ദെബെബാസ് ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനോട് റയല്‍ വിമുഖത കാണിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ നാസറുമായി റൊണാള്‍ഡോ കരാറിലേര്‍പ്പെടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി ആദ്യം താരം കരാറില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് ക്ലബ് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ലോകകപ്പിന് പിന്നാലെ അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.
അതേസമയം റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി തള്ളിക്കളയുകയായിരുന്നു. പി.എസ്.ജിയില്‍ നെയ്മറും എംബാപ്പെയും മെസിയുമുള്ളപ്പോള്‍ ക്രിസ്റ്റ്യാനോയെ സൈന്‍ ചെയ്യിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും റൊണാള്‍ഡോ മികച്ച കളിക്കാരനാണെന്നും ഖലൈഫി കൂട്ടിച്ചേര്‍ത്തു.
Content Highlights: Cristiano ronaldo’s transfer to Al Nasser