| Saturday, 22nd October 2022, 10:43 pm

ടെന്‍ ഹാഗേ നീ ചെവിയില്‍ നുള്ളിക്കോ, നിനക്കുള്ള പണി വരുന്നുണ്ട്; മുന്നറിയിപ്പ് നല്‍കി ക്രിസ്റ്റ്യാനോയുടെ സഹോദരിമാര്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

വിമര്‍ശനശരങ്ങളും അച്ചടക്കനടപടികളും നേരിടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തുണച്ച് സഹോദരിമാര്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ച് എറിക് ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയോട് പെരുമാറുന്നതിനെ യേശുവിനെ കുരിശിലേറ്റിയതിനോടെയായിരുന്നു ഇളയ സഹോദരിയായ കാറ്റിയ അവെയ്‌റോ ഉപമിച്ചത്.

ടോട്ടന്‍ഹാം ഹോട്‌സ്പറുമായുള്ള മത്സരത്തില്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങാന്‍ വിസമ്മതിച്ച ക്രിസ്റ്റിയാനോ മാച്ച് തീരുന്നതിന് മുമ്പ് ഇറങ്ങിപ്പോയിരുന്നു. ഇതേ തുടര്‍ന്നാണ് ചെല്‍സിയുമായുള്ള മത്സരത്തില്‍ നിന്നും എറിക് ടെന്‍ ഹാഗ് താരത്തെ ഒഴിവാക്കിയത്.

ഇതിന് പിന്നാലെയാണ് കാറ്റിയയുടെ പ്രതികരണം എത്തിയിരിക്കുന്നത്. ‘ഈ ലോകത്തിന് മുമ്പില്‍ തിളങ്ങിനില്‍ക്കാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച ഒരാളെ, ആ വ്യക്തിയുടെ അതേ സ്ഥിതിയിലൂടെ കടന്നുപോകാത്ത മറ്റൊരാളെ കൊണ്ട് ഒന്നും ചെയ്യാനാകില്ല.

അവന്‍ ഇന്നും ഒരു ചരിത്രമാണ്, എന്നും അങ്ങനെ തന്നെയായിരിക്കും. ബൈബിളില്‍ ഒരു വചനമുണ്ട്, ‘ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമായി നിങ്ങളുടെ കരങ്ങളിലെത്തിയ അവനെ നശിച്ച ചില മനുഷ്യരോടൊപ്പം ചേര്‍ന്ന് നിങ്ങള്‍ കുരിശില്‍ തറച്ചു’ എന്ന്.

ഒരു പതിമൂന്ന് വയസുകാരന്‍ അവന്റെ അമ്മക്കും സഹോദരങ്ങള്‍ക്കും നല്‍കിയ വാക്ക്, അത് അവന്‍ പാലിച്ചു. മദ്യപാനിയായ അച്ഛന്റെ പേരിലും ഉച്ചാരണത്തിലെ പോരായ്മകള്‍ പറഞ്ഞും പലരും അവനെ കളിയാക്കി.

എന്നാല്‍ അവനെ പോലെയുള്ള ഒരു മഹത് വ്യക്തിയുടെ കുടുംബത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ എന്നെന്നും അഭിമാനിക്കും,’ കാറ്റിയ അവെയ്‌റോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ മറ്റൊരു സഹോദരിയായ എല്‍മയും ക്രിസ്റ്റ്യാനോയെ പിന്തുണച്ചും എറിക് ടെന്‍ ഹാഗിന് മുന്നറിയിപ്പ് നല്‍കിയും രംഗത്തെത്തിയിരുന്നു. കര്‍മ എന്നൊന്ന് ഉണ്ടെന്നും ദൈവം ഒരിക്കലും ഉറങ്ങുന്നില്ല എന്നുമായിരുന്നു എല്‍മയുടെ വാക്കുകള്‍.

ബുധനാഴ്ച ടോട്ടന്‍ഹാം ഹോട്‌സ്പറുമായി നടന്ന മത്സരം തീരുന്നതിന് മുമ്പ് സബ്സ്റ്റിറ്റിയൂട്ടായി
ബെഞ്ചിലിരിക്കുകയായിരുന്ന റൊണാള്‍ഡോ സ്റ്റേഡിയം വിട്ടുപോകുകയായിരുന്നു.

മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു ഇത്. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓണ്‍ സമയമാണ് റഫറി നല്‍കിയിരുന്നത്. എന്നാല്‍ ഫൈനല്‍ വിസിലിന് കാത്തുനില്‍ക്കാതെ റൊണാള്‍ഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു.

റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകള്‍ ടെന്‍ ഹാഗ് നല്‍കിയിരുന്നു. ‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു മത്സരശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ടെന്‍ ഹാഗ് പ്രതികരിച്ചത്.

ഇതാദ്യമായല്ല ഫൈനല്‍ വിസിലിന് മുമ്പ് റൊണാള്‍ഡോ ഗ്രൗണ്ട് വിടുന്നത്. നേരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയും താരം കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടിരുന്നു. റയല്‍ വല്ലക്കാനോക്കെതിരായ മത്സരത്തിനിടെയായിരുന്നു താരം ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോയത്.

അന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നെങ്കിലും റോണോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഇറങ്ങിപ്പോക്കിനെ അങ്ങനെ വിട്ടുകളയാനാകില്ലെന്ന നിലപാടിലാണ് ടെന്‍ ഹാഗ്.

Content Highlight: Cristiano Ronaldo’s sisters against Erik Ten Hag

We use cookies to give you the best possible experience. Learn more