| Wednesday, 28th September 2022, 10:20 pm

പോര്‍ച്ചുഗീസുകാര്‍ നന്ദികെട്ടവരും ഉളുപ്പില്ലാത്തവരും വിഡ്ഢികളുമാണ്'; റൊണാള്‍ഡോയെ വിമര്‍ശിച്ചതിന് ആരാധകര്‍ക്കുള്ള മറുപടി

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ച് ഇതിഹാസതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സഹോദരി കാറ്റിയ അവീറോ. സ്‌പെയ്‌നിനെതിരായ മത്സര ശേഷം ആരാധകര്‍ റൊണാള്‍ഡോക്കെതിരെ നടത്തിയ മോശമാൈയ പ്രതികരണത്തിന് പിന്നാലെയാണ് ആരാധകര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ കാറ്റിയ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ 1-0ന് പരാജയപ്പെട്ടിരുന്നു. മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്നിട്ടും ടീമിന് വേണ്ടി കാര്യമായ ചലനമുണ്ടാക്കാന്‍ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ താരത്തിന് സാധിച്ചിരുന്നില്ല.

ടീമിന്റെ തോല്‍വിയും റൊണാള്‍ഡോയുടെ മോശം പ്രകടനവും ആരാധകരെ ഒന്നടങ്കം ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്റ്റിക്കെതിരെ രൂക്ഷമായ വിമര്‍ശനവും അഴിച്ചുവിട്ടിരുന്നു.

ആ കിഴവനെ ടീമില്‍ നിന്നും പുറത്താക്കി വല്ല വൃദ്ധസദനത്തില്‍ കൊണ്ടു ചെന്നാക്കണമെന്നും ക്രിസ്റ്റ്യാനോ ആണ് പോര്‍ച്ചുഗലിനെ പിന്നോട്ട് വലിക്കുന്നത് എന്നടക്കമുള്ള വിമര്‍ശനങ്ങള്‍ താരത്തിനെതിരെ ഉയര്‍ന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ സഹോദരി ആരാധകര്‍ക്കെതിരെ തിരിഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കാറ്റിയ ആരാധകര്‍ക്കെതിരെ വിമര്‍ശനവുമായെത്തിയത്.

പോര്‍ച്ചുഗീസുകാര്‍ നന്ദിയില്ലാത്തവരും വിഡ്ഢികളുമാണെന്നും കാറ്റിയ ഇന്‍സ്റ്റയില്‍ കുറിച്ചു.

‘പോര്‍ച്ചുഗലിനെ എന്നും താങ്ങിനിര്‍ത്തിയവന് എക്കാലവും കൈത്താങ്ങാവണം. എന്നാല്‍ പോര്‍ച്ചുഗീസുകാര്‍ വിഡ്ഢികളും അല്‍പന്‍മാരും ആത്മാവില്ലാത്തവരും എന്നെന്നും നന്ദികെട്ടവരുമാണ്.

അവന്‍ മുട്ടുകുത്തിയിരിക്കുകയാണ്. അവനെ കൈപിടിച്ചുയര്‍ത്താന്‍ ആരും തന്നെയില്ല. ഇത് വളരെധികം ക്രൂരമാണ്. അത് ഇപ്പോള്‍ തന്നെ എത്രയോ അധികമായിരിക്കുന്നു. അവന്‍ എപ്പോഴും അവന്റെ മാക്‌സിമം നല്‍കിക്കൊണ്ടിരിക്കുകയാണ്,’ കാറ്റിയ കുറിച്ചു.

റൊണാള്‍ഡോ ഏറ്റവും മികച്ച താരമാണെന്നും കാറ്റിയ കുറിച്ചു.

‘ആ ഇരിക്കുന്നവന്റെ പേര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ്. അവന്‍ ലോകത്തിലെ മികച്ച താരമാണ്,’ കാറ്റിയ കൂട്ടിച്ചേര്‍ത്തു.

ഈ മത്സരത്തില്‍ മാത്രമല്ല, കഴിഞ്ഞ മത്സരങ്ങളിലും റൊണാള്‍ഡോ മോശം പ്രകടനമാണ് നടത്തിയത്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 4-0ന് വിജയിച്ചെങ്കിലും റൊണാള്‍ഡോ നിരാശപ്പെടുത്തുകയായിരുന്നു.

പോര്‍ച്ചുഗലിന് വേണ്ടി മാത്രമല്ല, മാഞ്ചസ്റ്ററിലും റൊണാള്‍ഡോ പാടെ മങ്ങിയിരിക്കുകയാണ്. വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പ് താരത്തിന്റെ അവസാന വേള്‍ഡ് കപ്പ് ആവുമെന്നിരിക്കെ തലയുയര്‍ത്തി ഖത്തറില്‍ നിന്നും മടങ്ങാന്‍ മാത്രമാകും റൊണാള്‍ഡോ ശ്രമിക്കുന്നത്.

Content Highlight: Cristiano Ronaldo’s sister slams fans after they criticize Ronaldo

We use cookies to give you the best possible experience. Learn more