| Friday, 2nd September 2022, 3:08 pm

രണ്ടേ രണ്ട് വാക്കില്‍ തീര്‍ന്നോ ക്രിസ്റ്റീ ആഹ്ലാദം; മൂന്നാം മത്സരത്തിലും ബെഞ്ചിലായ ശേഷം വൈറലായി റൊണാള്‍ഡോയുടെ രണ്ടു വാക്കിലെ കുറിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താളം കണ്ടെത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സീസണിലെ ആദ്യ മത്സരങ്ങള്‍ തോറ്റുകൊണ്ട് തുടങ്ങിയ ചുവന്ന ചെകുത്താന്‍മാരിപ്പോള്‍ വിജയപാതയിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ ആയിരുന്നു യുണൈറ്റഡ് പരാജയപ്പെടുത്തിയത്.

ലെസ്റ്ററിനെതിരായ മത്സരത്തില്‍ 1-0നായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെഞ്ചില്‍ ഇരുന്നുകൊണ്ടായിരുന്നു മത്സരം തുടങ്ങിയത്.

തുടര്‍ച്ചയായി മൂന്നാം മത്സരത്തിലായിരുന്നു റൊണാള്‍ഡോ ബെഞ്ചിലിരുന്ന് തുടങ്ങിയത്. മാനേജര്‍ എറിക് ടെന്‍ ഹാഗിന്റെ തീരുമാനങ്ങള്‍ മാഞ്ചസ്റ്ററില്‍ പുതിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്.

ലിവര്‍പൂളിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ അതേ സ്റ്റാര്‍ട്ടിങ് ഇലവനിനെ തന്നെയായിരുന്നു മുന്‍ അയാക്‌സ് മാനേജര്‍ ലെസ്റ്ററിനെതിരെ കളത്തിലിറക്കിയത്. ടെന്‍ ഹാഗിന്റെ സ്ട്രാറ്റജി തുടക്കം മുതല്‍ തന്നെ വിജയിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്.

കളി തുടങ്ങിയ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളിക്കുന്ന മാഞ്ചസ്റ്ററായിരുന്നു കാഴ്ച. ഇതേ അറ്റാക്കിങ് ഗെയിം തന്നെയായിരുന്നു 24 മിനിറ്റില്‍ മത്സരത്തിലെ ഏക ഗോളിന് വഴിയൊരുക്കിയത്.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ എണ്ണം പറഞ്ഞ പാസ് ജേഡന്‍ സാഞ്ചോ വലയിലാക്കുമ്പോള്‍ ആരാധകര്‍ ആവേശത്തില്‍ ആര്‍ത്തിരമ്പിയിരുന്നു.

തുടര്‍ന്നും ഇതേ അറ്റാക്കിങ് സ്ട്രാറ്റജി പുറത്തെടുത്ത മാഞ്ചസ്റ്ററിന് രണ്ടാം ഗോള്‍ കണ്ടെത്താനായില്ല. അടിക്ക് തിരിച്ചടി നല്‍കാനുറച്ച് ലെസ്റ്ററും ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ വിജയം പിടിച്ചടക്കി.

മത്സരശേഷം റൊണാള്‍ഡോ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെയും കാസിമെറോയുടെയും ചിത്രം പങ്കുവെച്ച് ‘ഗ്രേറ്റ് വിക്ടറി’ എന്നായിരുന്നു താരം കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ ആരാധകരും കൂടിയിട്ടുണ്ട്. രണ്ട് വാക്കില്‍ മാത്രം വിജയം ഒതുക്കിയതിനെ കുറിച്ചായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്.

അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒമ്പത് പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് മാഞ്ചസ്റ്റര്‍. കളിച്ച മത്സരത്തില്‍ ഒന്നുപോലും ജയിക്കാത്ത ലെസ്റ്റര്‍ പോയിന്റ് പട്ടികയിലെ അവസാനക്കാരാണ്. ഒരു സമനിലയും നാല് തോല്‍വിയുമാണ് ലെസ്റ്ററിനുള്ളത്.

സെപ്റ്റംബര്‍ നാലിനാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലാണ് എതിരാളികള്‍. കളിച്ച മത്സരങ്ങളെല്ലാം ജയിച്ച ഗണ്ണേഴ്‌സിന് 15 പോയിന്റാണുള്ളത്.

Content Highlight: Cristiano Ronaldo’s post goes viral after the win against Leicester City

We use cookies to give you the best possible experience. Learn more