Sports News
വാമോസ് പറഞ്ഞ് റോണാള്‍ഡോ; പലര്‍ക്കുമുള്ള മറുപടിയെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 04, 07:56 am
Saturday, 4th March 2023, 1:26 pm

സൗദി പ്രോ ലീഗില്‍ അല്‍ ബാത്തിനെതിരായ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും അതിന്റെ ക്യാപ്ഷനുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

‘അവസാനമെത്തും വരെ വിശ്വാസം കൈവിടാതിരിക്കുക, വാമോസ്,’ എന്നാണ് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

View this post on Instagram

A post shared by Cristiano Ronaldo (@cristiano)

ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അവസാന 12 മിനിട്ടിലായിരുന്നു അല്‍ നസറിന്റെ മൂന്ന് ഗോളും പിറന്നത്. ഈ മത്സരത്തെ കുറിച്ചാണ് റൊണാള്‍ഡോ തന്റെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ അതല്ല, റൊണാള്‍ഡോയുടെ കാലം അവസാനിച്ചു എന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് താരം ഓരോ മത്സരത്തിലും നല്‍കുന്നതെന്നും എല്ലാം അവസാനിച്ചു എന്ന് അദ്ദേഹം ഇനിയും വിശ്വസിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ റെന്‍സോ ലോപസ് നേടിയ ഗോളിലൂടെ അല്‍ ബാതിന്‍ ലീഡ് നേടുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാന്‍ അല്‍ നസര്‍ പൊരുതി കളിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.

എന്നാല്‍, മത്സരത്തിന്റെ 93ാം മിനിട്ടില്‍ അബ്ദുറഹ്‌മാന്‍ ഗരീബ് അല്‍ നസറിന്റെ രക്ഷകനാവുകയായിരുന്നു. തുടര്‍ന്ന് 102ാം മിനിട്ടില്‍ മുഹമ്മദ് അല്‍ ഫാതിലും 104ാം മിനിട്ടില്‍ മുഹമ്മദ് മരാനും ചേര്‍ന്ന് അല്‍ നസറിന്റെ ഗോള്‍ വേട്ട പൂര്‍ത്തിയാക്കി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരാനും അല്‍ നസറിനായി. 19 മത്സരത്തില്‍ നിന്നും 14 ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 46 പോയിന്റാണ് അല്‍ നസറിനുള്ളത്.

19 മത്സരത്തില്‍ നിന്നും 44 പോയിന്റുള്ള അല്‍ ഇത്തിഹാദാണ് പോയിന്റ് ടേബളിലെ രണ്ടാം സ്ഥാനക്കാര്‍. അല്‍ ഇത്തിഹാദിനോടാണ് അല്‍ നസറിന്റെ അടുത്ത മത്സരം. മാര്‍ച്ച് ഒമ്പതിന് നടക്കുന്ന പോരാട്ടത്തിന് കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയാണ് വേദിയാകുന്നത്.

 

Content highlight: Cristiano Ronaldo’s post goes viral