2019ല്‍ പി.എസ്.ജി റൊണാള്‍ഡോയുമായി ഒരു കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നതായി ഫ്രാന്‍സിന്റെ ഫോറിന്‍ ഫുട്‌ബോള്‍ മുന്‍ മേധാവി തിയറി മാര്‍ചന്ദ് (Thierry Marchand). റൊണാള്‍ഡോയുടെ ജീവചരിത്രത്തില്‍ താരം പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മാര്‍ചന്ദ് വെളിപ്പെടുത്തുന്നു.
2019 ഒക്ടോബര്‍ 22ന് യുവന്റസിന്റെ ഒരു മത്സരശേഷമാണ് താരത്തിന് പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യമുണ്ടോ എന്ന മാര്‍ചന്ദിന്റെ ചോദ്യത്തോട് അനുകൂല നിലപാടായിരുന്നു താരം കൈക്കൊണ്ടത്.
‘പാരീസില്‍ നിന്നുള്ള പോര്‍ച്ചുഗീസുകാരെക്കൊണ്ട് മാത്രമേ സ്‌റ്റേഡിയം മുഴുവനായും നിറയുകയുള്ളൂ. അമ്പതിനായിരത്തിലധികം വരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് മുമ്പില്‍ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ ഞാന്‍ എന്നെ തന്നെ കാണുന്നു. അത് വളരെ മികച്ചതായിരിക്കും,’
പി.എസ്.ജി ചീഫുമായി ഒരു കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുകയാണെങ്കില്‍ റൊണാള്‍ഡോ പി.എസ്.ജിയുടെ സ്‌ട്രൈക്കറാകുമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
‘അന്ന് വൈകീട്ട് നാസര്‍ അല്‍ ഖലൈഫി റൊണാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തുകയാണെങ്കില്‍ റൊണാള്‍ഡോയെ പി.എസ്.ജിയുടെ സ്‌ട്രൈക്കറാക്കന്‍ ഒരു കടലാസ് കഷ്ണം മാത്രം മതിയാകുമായിരുന്നു. അത് അത്രത്തോളം എളുപ്പമായിരുന്നു, അത് ചിന്തിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു.
അഞ്ച് മിനിട്ട് നേരത്തോളം റൊണാള്‍ഡോ പാരിസ് ക്ലബ്ബിന്റെ മനോഹാരിതയെ കുറിച്ചായിരുന്നു എന്നോട് സംസാരിച്ചത്. ഇതുവരെ പി.എസ്.ജിയുടെ താരങ്ങള്‍ക്കോ ലീഡേഴ്‌സിനോ അത്തരത്തില്‍ ഒരിക്കല്‍ പോലും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല,’ മാര്‍ചന്ദ് പറയുന്നു.
എന്നാല്‍ അത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടക്കാതെ പോവുകയും റൊണാള്‍ഡോക്ക് പി.എസ്.ജിയില്‍ എത്താന്‍ സാധിക്കാതെ വരികയുമായിരുന്നു.
ആ സംഭവത്തിന് ശേഷം പി.എസ്.ജി പല മികച്ച താരങ്ങളെയും ടീമിലെത്തിച്ചെങ്കിലും ‘റൊണാള്‍ഡോക്ക് പകരം വെക്കാന്‍’ ഒരാളെത്തിയത് 2021ലായിരുന്നു. ബാഴ്‌സലോണയില്‍ നിന്നും ലയണല്‍ മെസി പി.എസ്.ജിയിലെത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ട്രാന്‍സ്ഫറുകളില്‍ ഒന്നായിരുന്നു.
നിലവില്‍ ക്രിസ്റ്റ്യാനോയില്ലാതെ തന്നെ മികച്ച പടയാണ് പി.എസ്.ജിക്കുള്ളത്. ലയണല്‍ മെസിയും നെയ്മറും എംബാപ്പെയുമടങ്ങുന്ന പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് മുമ്പില്‍ ലോകത്തിലെ ഏത് പ്രതിരോധ നിരയും വിറക്കും.
അതേസമയം, മാഞ്ചസ്റ്ററില്‍ നിന്നും പടിയിറങ്ങിയ റൊണാള്‍ഡോ ഏഷ്യയുടെ ഫുട്‌ബോള്‍ തട്ടകത്തില്‍ പന്ത് തട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറേബ്യന്‍ ക്ലബ്ബായ അല്‍ നാസര്‍ താരത്തെ ടീമിലെത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content highlight: Cristiano Ronaldo’s opinion on joining PSG has resurfaced