ജൂനിയര്‍ ക്രിസ്റ്റ്യാനോ അന്തരിച്ചു; വിങ്ങിപ്പൊട്ടി താരം
Obituary
ജൂനിയര്‍ ക്രിസ്റ്റ്യാനോ അന്തരിച്ചു; വിങ്ങിപ്പൊട്ടി താരം
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 19, 02:33 am
Tuesday, 19th April 2022, 8:03 am

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുടെ മകന്‍ അന്തരിച്ചു. തന്റെ മകന്‍ മരിച്ച വിവരം ക്രിസ്റ്റിയാനോ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്.

നവജാതശിശുക്കളായ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് മരിച്ചത്.

റൊണോള്‍ഡോയുടെ പങ്കാളി ഗബ്രിയേല ഒരു ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമായിരുന്നു ജന്മം നല്‍കിയത്. ഇതില്‍ ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഏതൊരു മാതാപിതാക്കള്‍ക്കും ഏറ്റവും വലിയ വേദനയാണിതെന്നായിരുന്നു മകന്‍ നഷ്ടപ്പെട്ട വേദനയില്‍ ക്രിസറ്റിയാനോ പറഞ്ഞത്.

‘ഞങ്ങളുടെ ആണ്‍കുഞ്ഞ് മരിച്ച വിവരം ഏറെ ദുഃഖത്തോടെ അറിയിക്കുകയാണ്. ഏതൊരു മാതാപിതാക്കള്‍ക്കും താങ്ങാനാവാത്ത ഏറ്റവും വലിയ വേദനയാണിത്.

ഞങ്ങളുടെ മകള്‍ മാത്രമാണ് ഈ നിമിഷത്തില്‍ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രതീക്ഷയും പ്രചോദനവും നല്‍കുന്നത്.

വിദഗ്ധ ചികിത്സയും പരിചരണവും നല്‍കിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സ്മാരോടും ഈ നിമിഷത്തില്‍ നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തില്‍ ഞങ്ങള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. പ്രയാസകരമായ ഈ അവസരത്തില്‍ സ്വകാര്യത മാനിക്കണമെന്ന് അപേക്ഷിക്കുന്നു.

പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയാണ്. നീയെപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനായിരിക്കും,’ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും, സ്‌പോര്‍ട്ടിംഗ് പോര്‍ച്ചുഗലും മറ്റ് സഹതാരങ്ങളും റൊണോള്‍ഡോയുടെ ദുഃഖത്തില്‍ പങ്കുചേരുന്നുണ്ട്.

ക്രിസ്റ്റ്യാനോ തന്റെ ക്ലബ്ബ് കരിയറിലെ അമ്പതാം ഹാട്രിക് നേടിയതിന്റെ അലയോലികള്‍ അവസാനിക്കുന്നതിനിടെയിലാണ് താരത്തെയും ആരാധകരേയും തേടി ദുഃഖവാര്‍ത്തയെത്തിയിരിക്കുന്നത്.

Content Highlight:  Cristiano Ronaldo’s Newborn Boy Dies