ബൈ മെസി ബൈ... ചര്‍ച്ചയായി റൊണാള്‍ഡോയുടെ ചാനലിലെ പുതിയ വീഡിയോ
Sports News
ബൈ മെസി ബൈ... ചര്‍ച്ചയായി റൊണാള്‍ഡോയുടെ ചാനലിലെ പുതിയ വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 4th October 2024, 3:52 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യൂട്യൂബ് ചാനലിലെ പുതിയ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. താരം പ്രൊഫഷണല്‍ കരിയറില്‍ 900 ഗോള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് പങ്കുവെച്ച വീഡിയോയാണ് ഒരേസമയം അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നത്.

എഫ് വണ്‍ റേസിന്റെ തീമില്‍ ഒരു ആനിമേഷന്‍ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നൂറാം സ്ഥാനത്ത് നിന്നും തുടങ്ങി ഗോളടിയില്‍ ഓരോ താരങ്ങളെയും മറികടക്കുമ്പോള്‍ അവരുടെ കാറിനെ റൊണാള്‍ഡോ ഓവര്‍ ടേക്ക് ചെയ്യുന്ന രീതിയിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.

സ്ലാട്ടന്‍ ഇബ്രാഹമോവിച്ച്, വെയ്ന്‍ റൂണി തുടങ്ങി ഇതിഹാസ താരങ്ങളായ റിവാള്‍ഡോ, പെലെ, ലയണല്‍ മെസി എന്നിവരെയെല്ലാം മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതാണ് വീഡിയോ.

വീഡിയോയുടെ വോയ്‌സ് ഓവറും രസകരമാണ്. എഫ് വണ്‍ റേസിന്റെ കമന്ററി പോലെയാണ് വോയ്‌സ് ഓവര്‍ നല്‍കിയിരിക്കുന്നത്. റൊണാള്‍ഡോയുടെ കാര്‍ ഓരോരുത്തരെയും മറികടക്കുമ്പോള്‍ ‘കമന്റേറ്റര്‍’ ആവേശഭരിതനാകുന്നുമുണ്ട്.

റേസിന്റെ അവസാനം പെലെയെയും മെസിയെയും മറികടന്നാണ് താരം ഒന്നാമനാകുന്നത്.

‘റൊണാള്‍ഡോ പെലെയെയും മറികടന്ന് മുമ്പോട്ട് കുതിക്കുകയാണ്. ഇരുവരും പര്‌സപരം ബഹുമാനിക്കുന്നു. പക്ഷേ ഇതാ, അദ്ദേഹത്തിന്റെ കരുത്തനായ എതിരാളിയുടെ തൊട്ടടുത്തെത്തിയിരിക്കുകയാണ്, ലയണല്‍ മെസി. ഇതാ ക്രിസ്റ്റ്യാനോ മുന്നോട്ട് കുതിച്ച് മെസിയെയും മറികടന്നിരിക്കുകയാണ്. ബൈ മെസി ബൈ…

ക്രിസ്റ്റ്യാനോ 900 ഗോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇത് അവിശ്വസനീയമാണ്. ആയിരം ഗോളെന്ന നേട്ടം അദ്ദേഹത്തിന്റെ കയ്യകലത്തുണ്ട്. റൊണാള്‍ഡോ 1000 ഗോള്‍ പൂര്‍ത്തിയാക്കുന്നത് സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ക്കൊപ്പം ചേരൂ,’ കമന്റേറ്റര്‍ പറഞ്ഞുനിര്‍ത്തി.

റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം

പ്രൊഫഷണല്‍ കരിയറില്‍ 904 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കൗമാര താരമായിരിക്കെ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി തുടങ്ങിവെച്ച ഗോളടി ഇപ്പോള്‍ 39ാം വയസില്‍ അല്‍ നസറിന് വേണ്ടിയും താരം തുടരുകയാണ്.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടം തന്റെ പേരിലെഴുതിച്ചേര്‍ത്താണ് റോണോ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും പടിയിറങ്ങിയത്. ലോസ് ബ്ലാങ്കോസിനായി ബൂട്ടുകെട്ടിയ 438 മത്സരത്തില്‍ നിന്നുമാണ് താരം 450 ഗോളുകള്‍ വലയിലെത്തിച്ചത്. രണ്ടാമതുള്ള കരീം ബെന്‍സെമ 354 ഗോളുകളാണ് ടീമിന് വേണ്ടി നേടിയത്.

റെഡ് ഡെവിള്‍സിന് വേണ്ടിയാണ് താരം രണ്ടാമതായി ഏറ്റവുമധികം ഗോള്‍ വലിയിലെത്തിച്ചത്. ടീമിനൊപ്പമുള്ള രണ്ട് കാലഘട്ടത്തിലുമായി 145 തവണയാണ് സര്‍ അലക്സ് ഫെര്‍ഗൂസന്റെ പ്രിയ ശിഷ്യന്‍ എതിരാളികളുടെ വല കുലുക്കിയത്.

ദേശീയ ടീമിന് വേണ്ടി 132 തവണയാണ് താരം വലകുലുക്കിയത്. 900 ഗോള്‍ എന്ന ചരിത്ര നേട്ടം പിന്നിട്ടതും പോര്‍ച്ചുഗല്‍ ജേഴ്‌സിയിലായിരുന്നു.

ഇറ്റാലിലന്‍ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് താരം ശേഷം ഏറ്റവുമധികം ഗോള്‍ കണ്ടെത്തിയത്. 101 തവണയാണ് ഓള്‍ഡ് ലേഡിയുടെ ജേഴ്സിയണിഞ്ഞ് റോണോ സ്‌കോര്‍ ചെയ്തത്.

സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ കണ്ണില്‍പ്പെടും മുമ്പ് സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ അഞ്ച് ഗോളുകളാണ് താരം സ്വന്തമാക്കിയത്.

ശേഷിക്കുന്ന ഗോളുകളെല്ലാം തന്നെ നിലവിലെ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് താരം വലയിലെത്തിച്ചത്.

 

Content highlight: Cristiano Ronaldo’s new video goes viral