| Monday, 11th September 2023, 1:51 pm

ഭൂകമ്പബാധിതര്‍ക്ക് ക്രിസ്റ്റ്യാനോ സ്വന്തം ഹോട്ടലില്‍ തണലൊരുക്കിയെന്ന വാര്‍ത്ത വ്യാജം? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഭൂകമ്പം നാശം വിതച്ച മൊറോക്കയിലെ ദുരന്തബാധിതര്‍ക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തം ഹോട്ടലില്‍ തണലൊരുക്കിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന ഹോട്ടല്‍ താരം മൊറോക്കോയിലെ ദുരന്ത ബാധിതര്‍ക്ക് വിട്ടുനല്‍കി എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ഹോട്ടല്‍ മാനേജര്‍ രംഗത്തെത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അഭയാര്‍ത്ഥികളെ സൗജന്യമായി പാര്‍പ്പിച്ചിട്ടില്ലെന്നും ഭവനരഹിതരായ ആളുകളെ ഹോട്ടലിന് പുറത്തോ ലോബിയിലോ ഇരിക്കുന്നതായി കണ്ടപ്പോള്‍ തെറ്റിദ്ധരിച്ചതായിരിക്കാം എന്നും പെസ്റ്റാന CR7 ഹോട്ടല്‍ മാനേജര്‍ വാര്‍ത്താ ഏജന്‍സിയായ വൈനെറ്റിനോട് പറഞ്ഞു.

‘ഭൂകമ്പത്തില്‍ ഹോട്ടലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അതൊകൊണ്ടുതന്നെ ഭൂചലനം ബാധിച്ച ആളുകളെ താമസിക്കാന്‍ ഞങ്ങള്‍ക്ക് അപേക്ഷകള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടേക്ക് ഒരുപാട് ഗസ്റ്റുകളും വന്നിരുന്നു. പക്ഷെ ഭൂകമ്പ ബാധിതരെ ഞങ്ങളിവിടെ സൗജന്യമായി പാര്‍പ്പിച്ചു എന്ന വാര്‍ത്തകള്‍ വ്യാജമാണ്,’ ഹോട്ടല്‍ മാനേജര്‍ പറഞ്ഞതായി വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മൊറോക്കോയില്‍ മരണസംഖ്യ 2000 കടന്നു. പരിക്കേറ്റ 2059 പേരില്‍ 1404 ആളുകളുടെ നില ഗുരുതരമാണ്. അല്‍ഹൗസിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. ഇവിടെ 1293 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, ടൗറന്റ് പ്രവിശ്യയില്‍ 452 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരസംഖ്യ ഉയരുമെന്നും മൊറോക്കന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Cristiano Ronaldo’s Morocco hotel claims, contrary to reports

We use cookies to give you the best possible experience. Learn more