അല്‍ നസറിലെ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം
Football
അല്‍ നസറിലെ തോല്‍വിക്ക് പിന്നാലെ ആരാധകര്‍ക്ക് ക്രിസ്റ്റ്യാനോയുടെ സന്ദേശം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th March 2023, 1:18 pm

കഴിഞ്ഞ ദിവസം സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ ഇതിഹാദ് അല്‍ നസറിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. കളിയുടെ 80ാം മിനിട്ടില്‍ റൊമാറീഞ്ഞോയാണ് അല്‍ ഇതിഹാദിനായി വിജയ ഗോള്‍ നേടിയത്.

മത്സരത്തില്‍ റൊണാള്‍ഡോ ഉണ്ടായിരുന്നെങ്കിലും അല്‍ നസറിനായി സ്‌കോര്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഒന്ന് രണ്ട് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്തുവെങ്കിലും ഫലം കാണാതെ പോവുകയായിരുന്നു. കളിയില്‍ തോല്‍വി വഴങ്ങിയതോടെ അല്‍ നസറിന്റെ ഒന്നാം സ്ഥാനം നഷ്ടമാവുകയായിരുന്നു.

മത്സരത്തിന് ശേഷം ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി കുറിപ്പ് പങ്കുവെച്ചിരുന്നു. മത്സര ഫലത്തില്‍ നിരാശനാണെന്നും അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു. ആരാധകരോട് കടപ്പെട്ടിരിക്കുന്നുവെന്നും റൊണാള്‍ഡോ പോസ്റ്റില്‍ പങ്കുവെച്ചു.

‘മത്സരത്തിന്റെ റിസള്‍ട്ടില്‍ നിരാശനാണ്. പക്ഷെ ഞങ്ങള്‍ തീര്‍ച്ചയായും തുടര്‍ന്നുള്ള മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അല്‍ നസര്‍ ആരാധകരുടെ സ്‌നേഹത്തിനും പിന്തുണക്കും നന്ദി,’ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ അല്‍ നസറിനും റൊണാള്‍ഡോക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സൗദി പ്രോ ലീഗിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും എത്തിയ താരത്തിന് വ്യാപകമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നിരുന്നു.

റെക്കോഡ് തുകയായ പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ എന്ന വമ്പന്‍ തുകക്ക് താരം സൗദിയിലെത്തിയതിന് പിന്നാലെ മെസി, എംബാപ്പെ, നെയ്മര്‍, റാമോസ് തുടങ്ങിയ സൂപ്പര്‍ താരങ്ങളടങ്ങിയ പി.എസ്.ജിക്കെതിരെ രണ്ട് ഗോളടിച്ച് റൊണാള്‍ഡോ വരവറിയിച്ചിരുന്നു.

പിന്നീട് നടന്ന രണ്ട് മത്സരങ്ങളില്‍ റൊണാള്‍ഡോ നിറം മങ്ങിയതോടെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ അല്‍ നസര്‍ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാവുകയായിരുന്നു.

എന്നാല്‍ പിന്നീട് അല്‍ ഫത്തേഹിനെതിരെ പ്രോ ലീഗിലെ തന്റെ ആദ്യ ഗോള്‍ നേടി തുടക്കമിട്ട റൊണാള്‍ഡോ, വളരെ നിര്‍ണായകമായ ഒരു വിജയവും അല്‍ നസര്‍ ക്ലബ്ബിന് നേടിക്കൊടുത്തു. കളിയുടെ അവസാന നിമിഷം റോണോ നേടിയ പെനാല്‍ട്ടി ഗോള്‍ ഒന്ന് കൊണ്ട് മാത്രമാണ് അല്‍ നസറിന് അല്‍ ഫത്തേഹിനെതിരെ വിജയിക്കാന്‍ സാധിച്ചത്.

പിന്നീട് പഴയകാലത്ത് ഓള്‍ഡ് ട്രാഫോര്‍ഡിന്റെയും സാന്തിയാഗോ ബെര്‍ണാബ്യൂവിനെയും തീ പിടിപ്പിച്ച റൊണാള്‍ഡോയുടെ തിരിച്ചുവരവായിരുന്നു അല്‍ വെഹ്ദക്കെതിരെയുള്ള മത്സരത്തില്‍ കണ്ടത്. എതിരില്ലാത്ത നാല് ഗോളിന് അല്‍ നസര്‍ അല്‍ വെഹ്ദയെ തോല്‍പ്പിച്ച മത്സരത്തില്‍ നാല് ഗോളുകളും പിറന്നത് റോണോയുടെ കാലുകളില്‍ നിന്നായിരുന്നു.

നിലവില്‍ 46 പോയിന്റുകളുമായി സൗദി ലീഗില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ അല്‍ ഇതിഹാദ് ഒന്നാം സ്ഥാനത്തെത്തി.

Content Highlights: Cristiano Ronaldo’s message to Al Nassr fans