'ഞങ്ങള്‍ ഇനിയും പൊരുതും'💪🏽; തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Football
'ഞങ്ങള്‍ ഇനിയും പൊരുതും'💪🏽; തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th April 2023, 4:16 pm

സൗദി പ്രോ ലീഗിലെ അല്‍ നസറിന്റെ മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാല്‍ഡോയുടെ വാചകങ്ങള്‍ തരംഗമാവുന്നു. അല്‍ ഫെയ്ഹ, അല്‍ ഹിലാല്‍, അല്‍ വെഹ്ദ എന്നീ ക്ലബ്ബുകള്‍ക്കെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. തുടര്‍ന്ന് റൊണാള്‍ഡോക്കും അല്‍ നസറിനുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് താരത്തിന്റെ പ്രതികരണം.

‘ഞങ്ങള്‍ ഇനിയും പൊരുതും, അടുത്ത മത്സരങ്ങള്‍ക്ക് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്യും’ എന്നായിരുന്നു റോണോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റില്‍ പറഞ്ഞത്.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളിലെ റോണോയുടെ പ്രകടനം അല്‍ നസറിന്റെ പ്രതീക്ഷക്കൊത്തുയര്‍ന്നതായിരുന്നില്ല.

അതേസമയം, കഴിഞ്ഞ ദിവസം കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അല്‍ വെഹ്ദയോടാണ് അല്‍ നസര്‍ തോല്‍വി വഴങ്ങിയത്. ഇതോടെ കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സില്‍ നിന്ന് അല്‍ നസര്‍ പുറത്തായിരുന്നു.

മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെ അല്‍ നസറില്‍ വലിയ പ്രതിസന്ധിയുണ്ടാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് റൊണാള്‍ഡോയുടെ പ്രകടനത്തില്‍ പ്രകോപിതനാണെന്നും ഈ പെര്‍ഫോമന്‍സ് തുടരുകയാണെങ്കില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോയെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തൊട്ടുപിന്നാലെ അല്‍ നസര്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മുസല്ലി അല്‍-മുഅമ്മര്‍, ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചുവെന്ന സൗദി ഗസറ്റ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മുസല്ലി അല്‍-മുഅമ്മര്‍ കായിക മന്ത്രാലയത്തിന് രാജിക്കത്ത് സമര്‍പ്പിച്ചതായി സൗദി ഗസറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരാഴ്ചക്കിടെ തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ ആരാധകരുടെ വലിയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ക്ലബ് മേധാവി രാജിവെക്കുന്നത്. രണ്ട് ദിവസത്തിനകം അല്‍ മുഅമ്മറിന്റെ രാജി അംഗീകരിക്കുകയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Cristiano Ronaldo’s message after the loss in Saudi Pro League