മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളിലും തുടര്‍ന്ന് അല്‍ നസറിലെത്തിയതിന് ശേഷവും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുന്നില്ലെന്നും പ്രായക്കൂടുതല്‍ കൊണ്ട് ഫോം ഔട്ട് ആയെന്നും പറഞ്ഞ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി ടൈറ്റിലുകളും സ്വന്തമാക്കിയ താരം കഴിഞ്ഞ ജനുവരിയിലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്.
എന്നാല്‍ അവിടെയെത്തിയിട്ടും താരത്തിന് മികച്ച ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. സൗദി സൂപ്പര്‍ കപ്പിലെ സെമി ഫൈനലില്‍ തോല്‍വി വഴങ്ങിയ അല്‍ നസര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെയാണ് റോണോക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയായിരുന്നു.
സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്‌റില്‍ ലഭിച്ചിരിക്കുന്നത്. അല്‍ നസറിന്റെ കോച്ച് റൂഡി ഗാര്‍ഷ്യ അടക്കം താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡോ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണിപ്പോള്‍. ‘ഹാര്‍ഡ് വര്‍ക്ക് ഒരിക്കലും അവസാനിക്കുന്നില്ല’ എന്ന് ക്യാപ്ഷന്‍ നല്‍കി താരം ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
37 വയസായെന്നും ഇനി പഴയതുപോലെ കളിക്കാനാകില്ലെന്നും മുദ്രകുത്തി പല ക്ലബ്ബുകളും താരത്തെ സൈന്‍ ചെയ്യിക്കാന്‍ വിസമ്മതിച്ചപ്പോഴും റൊണാള്‍ഡോയും ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം സൗദയിലേക്ക് ചേക്കേറിയതെന്നും റൊണാള്‍ഡോ തന്റെ പഴയ ഫോമിലേക്ക് തിരച്ചെത്തുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നുമാണ് പോസ്റ്റിന് ആരാധകര്‍ നല്‍കുന്ന കമന്റ്‌സ്.
അതേസമയം, പി.എസ്.ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മോശം ഫോമില്‍ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാള്‍ഡോക്ക് അനിവാര്യമാണ്.