റൊണാള്‍ഡോ ഇംപാക്ട്; സൗദി ലീഗില്‍ ടിക്കറ്റ് കിട്ടാനില്ലെന്ന് എതിര്‍ ടീം ഗോളി
Football
റൊണാള്‍ഡോ ഇംപാക്ട്; സൗദി ലീഗില്‍ ടിക്കറ്റ് കിട്ടാനില്ലെന്ന് എതിര്‍ ടീം ഗോളി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th February 2023, 2:18 pm

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവേശനം സൗദിയില്‍ ഒത്തിരി പുരോഗമനം ഉണ്ടാക്കിയിട്ടുണ്ടെന്ന് അല്‍ താവൂന്‍ ഗോള്‍ കീപ്പര്‍ മൈല്‍സണ്‍ ആല്‍വ്‌സ്.

റോണോ സൗദിയിലെത്തിയതിന് ശേഷം സ്‌റ്റേഡിയത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് അദ്ദേഹം സംസാരിച്ചു. ബ്രസീലിയന്‍ ഔട്ട്‌ലെറ്റായ ജി ഗ്ലോബോയോടാണ് മൈല്‍സണ്‍ ഈ വിഷയത്തില്‍ സംസാരിച്ചത്.

‘എല്ലാവരും കാണണമെന്ന് ആഗ്രഹിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അദ്ദേഹം വരുന്നതിന് മുമ്പ് നൂറോ ഇരുന്നോറോ ആളുകള്‍ മാത്രമായിരുന്നു കളി കാണാനെത്തിയിരുന്നത്. എന്നാലിപ്പോള്‍ റൊണാള്‍ഡോയുള്ള മത്സരത്തിന് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായി,’ മൈല്‍സണ്‍ പറഞ്ഞു.

അതേസമയം അല്‍ താവൂനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോയെ പൂട്ടാന്‍ അല്‍ താവൂന്‍ കോച്ച് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫെബ്രുവരി 17ന് അല്‍ ആലമിയുടെ തട്ടകമായ മിര്‍സൂല്‍ പാര്‍ക്കില്‍ ഇരു കൂട്ടരും ഏറ്റുമുട്ടാനിരിക്കേ റൊണാള്‍ഡോയെ പ്രതിരോധിക്കാന്‍ അല്‍ താവൂന്‍ കോച്ച് ചമുസ്‌ക തന്റെ താരങ്ങളെ സജ്ജമാക്കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

റൊണാള്‍ഡോയെ പൂട്ടാന്‍ മിഡ് ഫീല്‍ഡ് താരങ്ങളായ അഷ്റഫ് അല്‍ മഹ്ദിയൂയെയും അല്‍വാരോ മെഡ്രാനെയും തയ്യാറെടുപ്പിച്ച് കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം അല്‍ വെഹ്ദക്കെതിരെ മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെന്ന എതിരാളികളുടെ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തികൊണ്ട് നാല് ഗോളുകളാണ് റോണോ അല്‍ വെഹ്ദക്കെതിരെ സ്വന്തമാക്കിയത്.

മത്സരത്തിന്റെ 21,40,53 മിനിട്ടുകളില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോള്‍ സെറ്റ് പീസില്‍ നിന്നല്ലാതെയും അല്‍ വെഹ്ദയുടെ വല കുലുക്കി.

ഇതോടെ ലീഗ് മത്സരങ്ങളില്‍ തന്റെ ഗോള്‍ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാന്‍ റൊണാള്‍ഡോക്കായി.

അല്‍ നസറിലെത്തിയതിന് ശേഷം റോണോ കളിച്ച രണ്ട് മത്സരങ്ങളില്‍ താരത്തിന് ഗോളൊന്നും നേടാനായിരുന്നില്ല. സൗദി സൂപ്പര്‍ കപ്പില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങുകയും തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് റോണോയെ തേടിയെത്തിയിരുന്നത്. അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ അല്‍ വെഹ്ദക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോയെ പുകഴ്ത്തി പലരും രംഗത്തെത്തിയിട്ടുണ്ട്. അല്‍ നസര്‍ കോച്ച് തന്നെയാണ് അതില്‍ പ്രധാനി.

റൊണാള്‍ഡോ മികച്ച ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും കളിയില്‍ സഹതാരങ്ങള്‍ക്കൊപ്പം താളം പിടിക്കാനും ഒത്തൊരുമയോടെ കളിക്കാനും അദ്ദേഹത്തിനായിട്ടുണ്ടെന്നും ഗാര്‍ഷ്യ പറഞ്ഞു.

മത്സരത്തില്‍ വിജയിച്ചതോടെ പ്രോ ലീഗില്‍ നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 37 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്താണിപ്പോള്‍ അല്‍ നസര്‍.

Content Highlights: Cristiano Ronaldo’s impact on Saudi League hailed says Mailson Alves