| Saturday, 21st September 2024, 12:55 pm

അച്ഛനും മോനും ചേര്‍ന്ന് നേടിയ 'ഹാട്രിക്'; Siuuuക്കൊപ്പം മറ്റൊരു ഗോള്‍ സെലിബ്രേഷനും, പിന്നിലെ കാരണമറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ എതിരില്ലാത്ത മൂന്ന് ഗോളിന് അല്‍ ഇതിഫാഖിനെ പരാജയപ്പെടുത്തിയിരുന്നു. അബ്ദുള്ള അല്‍ ദാബില്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് അല്‍ നസര്‍ എതിരാളികളെ തകര്‍ത്തുവിട്ടത്. സീസണില്‍ ഇതിഫാഖിന്റെ ആദ്യ പരാജയമാണിത്.

മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. മത്സരത്തിന്റെ 33ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയത്.

ഈ ഗോളിന് പിന്നാലെ റൊണാള്‍ഡോ നടത്തിയ ഗോള്‍ സെലിബ്രേഷന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഐക്കോണിക് സെലിബ്രേഷനായ Siuuക്കൊപ്പം മറ്റൊരു ഗോള്‍ സെലിബ്രേഷനും താരം നടത്തിയിരുന്നു.

കാണികള്‍ക്കിടയിലെ തന്റെ മകനെ നോക്കി മൂന്ന് വിരല്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് താരം ഗോള്‍ നേട്ടം ആഘോഷമാക്കിയത്.

ഇതിന് പിന്നിലെ കാരണം പങ്കുവെക്കുകയാണ് ഇ.എസ്.പി.എന്‍. നേരത്തെ യൂത്ത് ടീമിനായി റൊണാള്‍ഡോ ജൂനിയര്‍ രണ്ട് ഗോള്‍ സ്വന്തമാക്കിയിരുന്നു. ഇത് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ ഗോള്‍ ആഘോഷം.

അതേസമയം, മത്സരത്തിന്റെ ആദ്യ പകുതിയില്‍ റൊണാള്‍ഡോ നേടിയ ഒറ്റ ഗോളിന്റെ കരുത്തിലാണ് അല്‍ നസര്‍ രണ്ടാം പകുതിയിലേക്ക് കടന്നത്.

രണ്ടാം പകുതി ആരംഭിച്ച് 11ാം മിനിട്ടില്‍ സലീം അല്‍-നാജിദി അല്‍ നസറിന്റെ ലീഡ് ഇരട്ടിയാക്കി. 70ാം മിനിട്ടില്‍ ടാലിസ്‌കയും എതിരാളികളുടെ വല കുലുക്കി.

തുടര്‍ന്ന് ഇരു ടീമുകളും ഗോള്‍ നേടാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു ഗോള്‍ പോലും പിറന്നില്ല. ഇതോടെ എതിരില്ലാത്ത മൂന്ന് ഗോളിന് അല്‍ അലാമി വിജയിച്ചുകയറി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി. നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയുമായി എട്ട് പോയിന്റോടെ നാലാം സ്ഥാനത്താണ് അല്‍ നസര്‍. ഒമ്പത് പോയിന്റുമായി അല്‍ ഇതിഫാഖ് മൂന്നാമതാണ്.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍സിന്റെ റൗണ്ട് ഓഫ് 32ലാണ് അല്‍ നസര്‍ അടുത്ത മത്സരത്തിനിറങ്ങുക. അല്‍ ഹസമാണ് എതിരാളികള്‍. കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയമാണ് വേദി.

Content Highlight: Cristiano Ronaldo’s goal celebration against AL Ettifaq goes viral

We use cookies to give you the best possible experience. Learn more