മെസിയുടെയും നെയ്മറിന്റെയും ഭീമന്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചതിന് പിന്നാലെ ലോകമറിഞ്ഞ പുള്ളാവൂര്‍ പുഴയില്‍ ക്രിസ്റ്റ്യാനോ റോണാള്‍ഡോയുമെത്തി. മെസിക്കും നെയ്മറിനുമൊപ്പം പോര്‍ച്ചുഗല്‍ ഫാന്‍സിന്റെ വക ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ടുമെത്തിയതോടെയാണ് പുള്ളാവൂരില്‍ ഫുട്‌ബോള്‍ ആവേശം അതിന്റെ പാരമ്യത്തിലെത്തിയത്.
സ്ഥലം എം.എല്‍.എ അഡ്വ: പി.ടി.എ റഹീം മൂന്ന് കട്ടൗട്ടുകളുടെയും ചിത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘മൂന്നാമനും ഇറങ്ങി, നമ്മുടെ പുള്ളാവൂര്‍. മീനുകളൊക്കെ ആ സൈഡിലൂടെ നീന്തേണ്ടതാണ്,’ എന്ന ക്യാപ്ഷനോടെയാണ് പി.ടി.എ റഹീം ചിത്രം പങ്കുവെച്ചിട്ടുള്ളത്.
നിരവധി ആരാധകരാണ് പോസ്റ്റില്‍ ഒത്തുകൂടിയിരിക്കുന്നത്. റൊണാള്‍ഡോ വന്നതോടെ സംഭവം കളറായെന്നും ആവേശം ഇനിയും കൂടുമെന്നും ആരാധകര്‍ പറയുന്നുണ്ട്.
ഇതിനൊപ്പം തന്നെ പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ട് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി നല്‍കിയ അഡ്വ: ശ്രീജിത് പെരുമനക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്.
പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടയുന്നു എന്ന് കാണിച്ചാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍ കട്ടൗട്ട് നീക്കാനാകില്ലെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തും കൊടുവള്ളി നഗര സഭയും തീരുമാനമെടുക്കുകയായിരുന്നു.
നേരത്തെ താന്‍ കാല്‍പന്തിനൊപ്പമാണെന്നും കട്ടൗട്ട് മാറ്റണമെന്ന വാദത്തില്‍ കഴമ്പില്ലെന്നും പി.ടി.എ. റഹീം എം.എല്‍.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
പുള്ളാവൂരില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്പില്ല. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിര്‍ത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ലെന്നും എന്‍.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭാഗമാണിതെന്നും എം.എല്‍.എ വ്യക്തമാക്കി.
എന്‍.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദര്‍ശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണെന്നും ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.