| Saturday, 31st December 2022, 2:08 pm

പുതിയ രാജ്യം, പുതിയ ടീം, വളരെയധികം ആവേശം തോന്നുന്നു; അല്‍ നസറിലെത്തി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലെത്തി ആദ്യമായി പ്രതികരിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വളരെയധികം എക്‌സൈറ്റഡ് ആണെന്നും പുതിയ രാജ്യത്ത്, പുതിയ ലീഗിലെ വിശേഷങ്ങള്‍ അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണെന്നും താരം പറഞ്ഞു.

”വ്യത്യസ്തമായൊരു രാജ്യത്ത്, വ്യത്യസ്ത ലീഗില്‍ കളിക്കുമ്പോഴുള്ള പുതിയ എക്‌സ്പിരിയന്‍സിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ ടീം അംഗങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്ത് ടീമിനെ കൂടുതല്‍ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡോ അല്‍ നസറില്‍ സൈന്‍ ചെയ്തത്. രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റൊണോ കാല്‍വെപ്പ് നടത്തുന്നത്.

പോര്‍ച്ചുഗലിലെ സ്പോര്‍ട്ടിങ് സി.പിയില്‍ കളിച്ചുതുടങ്ങിയ റൊണാള്‍ഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു. അലക്സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡിന് കീഴില്‍ റൊണാള്‍ഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു. ശേഷം സ്പെയ്നിലേക്ക് കാലെടുത്തുവെച്ച താരം റയല്‍ മാഡ്രിഡിനെ പലകുറി ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന് ഇറ്റലിയില്‍ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടര്‍ന്നു.

യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്സ് വളരെ വലുതായിരിക്കും.

അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Highlights: Cristiano Ronaldo’s first response after reaching at Al Nassr, Saudi Arabia

We use cookies to give you the best possible experience. Learn more