| Monday, 14th November 2022, 9:29 am

എന്നെ ഇവിടെ ആര്‍ക്കും വേണ്ട, എല്ലാരും എന്നെ ചതിക്കുകയാണ്, പുറത്താക്കാന്‍ നോക്കുകയാണ്; തുറന്നടിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈഡില്‍ നിന്നും തന്നെ പുറത്താക്കാന്‍ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും കരുനീക്കം നടത്തുന്നുണ്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിനിടെയാണ് റൊണാള്‍ഡോ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഞാന്‍ അയാളെ ബഹുമാനിക്കുന്നില്ല, കാരണം അയാള്‍ എനിക്ക് ഒരു ബഹുമാനവും നല്‍കുന്നില്ല,’ എറിക് ടെന്‍ ഹാഗിനെ കുറിച്ച് ടോക്ക് ടി.വിയിലെ പിയേഴ്‌സ് മോര്‍ഗന്റെ ടോക്ക് ഷോയില്‍ റൊണാള്‍ഡോ പറഞ്ഞു.

‘കോച്ച് മാത്രമല്ല, ക്ലബ്ബിലെ മറ്റ് രണ്ട് മൂന്ന് ആളുകളും എന്നോട് ഇങ്ങനെയാണ് പെരുമാറുന്നത്. ഞാന്‍ ചതിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്,’ താരം കൂട്ടിച്ചേര്‍ത്തു.

ക്ലബ്ബിലെ മുതിര്‍ന്ന മുതിര്‍ന്ന എക്‌സ്‌ക്യൂട്ടീവുകള്‍ താങ്കളെ പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

‘അതെ, ഞാന്‍ വഞ്ചിക്കപ്പെട്ടതായി തോന്നി. ഈ വര്‍ഷം മാത്രമല്ല, കഴിഞ്ഞ വര്‍ഷവും ചിലര്‍ക്ക് ഞാന്‍ ഇവിടെ വേണ്ട എന്ന നിലപാടുള്ളതായി എന്ന് എനിക്ക് തോന്നിയിരുന്നു,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ശിക്ഷണത്തില്‍ ലോകോത്തര ഫുട്‌ബോളര്‍ പദവിയിലേക്കുയര്‍ന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണില്‍ യുണൈറ്റഡ് നല്‍കിയത്.

സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തില്‍ വേണ്ടവിധം കളിക്കാന്‍ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റര്‍ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യന്‍സ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാന്‍ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.

പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരെയുള്ള മത്സരത്തില്‍ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും റൊണാള്‍ഡോക്ക് നേരിടേണ്ടി വന്നിരുന്നു. ശേഷം ചെല്‍സിക്കെതിരായ മത്സരത്തില്‍ താരത്തെ ടീം വിലക്കുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യൂറോപ്പാ ലീഗില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയര്‍ ലീഗില്‍ താരം ബെഞ്ചില്‍ തുടര്‍ന്നു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഫുള്‍ഹാം – യുണൈറ്റഡ് മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എറിക്‌സണും ഗര്‍നാച്ചോയും വലകുലുക്കിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം.

കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. 14 കളിയില്‍ നിന്നും എട്ട് ജയത്തോടെ 26 പോയിന്റാണ് യുണൈറ്റഡിനുള്ളത്.

Content Highlight: Cristiano Ronaldo’s explosive comment against Eric Ten Hag

Latest Stories

We use cookies to give you the best possible experience. Learn more