| Monday, 30th October 2023, 7:35 pm

'ഡ്രിബ്ലിങ് സ്‌കില്‍ ഇല്ല, പ്രായമായ ക്രിസ്റ്റ്യാനോ കളി മതിയാക്കണം'; വിമര്‍ശനങ്ങള്‍ക്കിടയില്‍ വൈറലായി റോണോയുടെ ഡ്രിബ്ലിങ് വീഡിയോകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രായം നാല്‍പ്പതിനോട് അടുക്കുമ്പോഴും കരിയറില്‍ അസാധ്യ പ്രകടനം തുടരുന്ന താരമാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. എന്നാല്‍ 2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബൂട്ടുകെട്ടുമ്പോള്‍ ഫോം ഔട്ടായെന്നാരോപിച്ച് താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെട്ട് ബെഞ്ചിലിരിക്കേണ്ടി വന്ന റോണോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി പിരിയുകയായിരുന്നു.

2022 ലോകകപ്പിലും താരത്തിന് മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. വലിയ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. എന്നാല്‍ അവിടെയും താരത്തെ വിമര്‍ശനങ്ങള്‍ വേട്ടയാടിയിരുന്നു.

റൊണാള്‍ഡോ ഫോം ഔട്ട് ആയെന്നും ഇത്രയും പ്രായമായവര്‍ കളിയില്‍ തുടരാന്‍ പാടില്ലെന്നുമായിരുന്നു വിമര്‍ശനങ്ങള്‍. റോണോക്ക് ഡ്രിബിള്‍ ചെയ്യാനുള്ള സ്‌കില്‍ നഷ്ടപ്പെട്ടുവെന്നും താരം ഉടന്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കണമെന്നും വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ താരത്തിന്റെ മുന്‍ കാലങ്ങളിലെ ഡ്രിബ്ലിങ് വീഡിയോകളും എന്തുകൊണ്ടാണ് ക്രിസ്റ്റിയാനോ ഡ്രിബ്ലിങ് പരിശീലിക്കുന്നത് അവസാനിപ്പിച്ചു എന്നും കാണിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

2014 ലോകകപ്പില്‍ ബ്രസീലുമായി ഏറ്റുമുട്ടുന്നതിന്റെ ഏതാനും ആഴ്ചകള്‍ മുമ്പ് ക്രിസ്റ്റ്യാനോയുടെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. നിരവധി മാസങ്ങള്‍ പിന്നിട്ടാണ് താരം പരിക്കില്‍ നിന്ന് മോചിതനായത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2013-14 സീസണില്‍ അഞ്ച് ഫ്രീ കിക്കുകളും ഒമ്പത് ഡ്രിബിള്‍ ഗോളുകളും നേടിയ റോണോക്ക് 2014-15 സീസണില്‍ രണ്ട് ഫ്രീ കിക്കുകളും രണ്ട് ഡ്രിബിള്‍ ഗോളുകളും മാത്രമേ നേടാന്‍ സാധിച്ചിരുന്നുള്ളൂ.

അതേസമയം, ഹെഡറുകളില്‍ 2013-14 സീസണിനേക്കാള്‍ വലിയ വര്‍ധനയാണ് 2014-15 സീസണിലുണ്ടായിരുന്നത്. അഞ്ച് ഹെഡറുകള്‍ 18 ഹെഡറുകളാക്കി ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു.

2014-15 സീസണുകളില്‍ റയല്‍ മാഡ്രിഡിനായി കളിക്കുമ്പോള്‍ പരിക്കിന് മുമ്പ് 10ഉം പരിക്കിന് ശേഷം രണ്ടും ഡ്രിബ്രിള്‍ ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയത്. വലിയ രീതിയിലാണ് പരിക്ക് താരത്തിന്റെ കളിശൈലിയെ ബാധിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

റൊണാള്‍ഡോയുടെ മികവില്‍ ചരിത്രത്തിലാദ്യമായി അല്‍ നസര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

Content Highlights: Cristiano Ronaldo’s dribbling skills

We use cookies to give you the best possible experience. Learn more