ഈ വര്‍ഷത്തെ അവസാന മത്സരവും വിജയിച്ച് റോയലായാണ് ക്രിസ്റ്റിയാനോ 2023നോട് വിടപറയുന്നത്. സൗദി പ്രോ ലീഗില്‍ അല്‍ താവൂനെതിരെയാണ് റൊണാള്‍ഡോ ഈ കലണ്ടര്‍ ഇയറിലെ അവസാന മത്സരം കളിച്ചത്. മത്സരത്തില്‍ താരം ഗോള്‍ നേടുകയും അല്‍ നസര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തിരുന്നു.
മത്സരശേഷം റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ വിജയചിത്രത്തിനൊപ്പം താരം നല്‍കിയ ക്യാപ്ഷനാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
‘അത് അവസാനിക്കുമ്പോള്‍ ഞാന്‍ പറയാം. താങ്ക്‌സ് ടീം,’ എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ ആരാധകരും കൂടിയിരിക്കുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം കിങ് അബ്ദുള്ള സ്‌പോര്‍ട് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു അല്‍ നസര്‍ നാല് ഗോള്‍ തിരിച്ചടിച്ചത്.
4-2-3-1 എന്ന ഫോര്‍മേഷനില്‍ അല്‍ നസര്‍ കളത്തിലിറങ്ങിയപ്പോള്‍ 4-3-3 ഫോര്‍മേഷനിലാണ് താവൂന്‍ കോച്ച് തന്റെ കുട്ടികളെ കളത്തിലിറക്കിവിട്ടത്.
മത്സരത്തിന്റെ 13ാം മിനിട്ടില്‍ അഷ്‌റഫ് എല്‍ മഹ്ദിയൂയിലൂടെ താവൂന്‍ മത്സരത്തിലെ ആദ്യ ഗോള്‍ നേടി. 11ാം മിനിട്ടില്‍ പെനാല്‍ട്ടി ബോക്സിനുള്ളില്‍ വഴങ്ങിയ ഫൗളിന് പിന്നാലെ അല്‍ താവൂന് പെനാല്‍ട്ടി ലഭിച്ചിരുന്നു.
എന്നാല്‍ 26ാം മിനിട്ടില്‍ അല്‍ നസര്‍ ഈക്വലൈസര്‍ ഗോള്‍ നേടി. മാഴ്‌സെലോ ബ്രോസോവിച്ചാണ് അല്‍ നസറിനായി സ്‌കോര്‍ ചെയ്തത്. ശേഷം 35ാം മിനിട്ടില്‍ അല്‍ നസര്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു. ബ്രോസോവിച്ചിന്റെ അസിസ്റ്റില്‍ നിന്നും അയ്മെരിക് ലാപോര്‍ട്ടയാണ് ഗോള്‍ കണ്ടെത്തിയത്.
രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിട്ടിനകം തന്നെ അല്‍ നസര്‍ വീണ്ടും വലകുലുക്കി. അല്‍ താവൂന്‍ നായകന്റെ പിഴവ് മുതലെടുത്ത ഒട്ടാവിയോ ആണ് ഗോള്‍ കണ്ടെത്തിയത്. സ്‌കോര്‍ 3-1.
90+2ാം മിനിട്ടില്‍ ഗോള്‍ നേടിയ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ പട്ടിക പൂര്‍ത്തിയാക്കി. ഫൊഫാനയുടെ അസിസ്റ്റില്‍ നിന്നും ഒരു മികച്ച ഹെഡ്ഡറിലൂടെയാണ് റോണോ ഗോള്‍വല കുലുക്കിയത്. ഒടുവില്‍ 1-4ന് അല്‍ നസര്‍ വിജയിക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. 19 മത്സരത്തില്‍ നിന്നും 15 വിജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും അടക്കം 46 പോയിന്റാണ് അല്‍ നസറിനുള്ളത്. 19 മത്സരത്തില്‍ നിന്നും 17 ജയവുമായി ചിരവൈരികളായ അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.