സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദിയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്. നാളുകള്‍ക്ക് ശേഷം അല്‍ നസറിനെ കിരീടമണിയിച്ച റൊണാള്‍ഡോ പുതിയ സീസണില്‍ ടീമിന് ആദ്യ വിജയവും നേടിക്കൊടുത്തിരിക്കുകയാണ്. ആദ്യ രണ്ട് മത്സരത്തിലും തോറ്റ അല്‍ നസറിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്ന തരത്തിലാണ് മൂന്നാം മത്സരത്തില്‍ ടീമിന്റെ തിരിച്ചുവരവ്.
ഹാട്രിക് നേട്ടത്തോടെയാണ് റൊണാള്‍ഡോ തിളങ്ങിയത്. അല്‍ ഫത്തേക്കെതിരായ മത്സരത്തില്‍ അവരുടെ ഹോം സ്‌റ്റേഡിയത്തില്‍ ഹാട്രിക് നേടിക്കൊണ്ടാണ് റൊണാള്‍ഡോ തിളങ്ങിയത്. കരിയറില്‍ താരത്തിന്റെ 63ാം ഹാട്രിക് നേട്ടമാണിത്.
38ാം വയസിലും തന്റെ ഗെയിമിന് ഒട്ടും മാറ്റം സംഭവിച്ചിട്ടില്ല എന്ന് അടിവരയിടുന്ന പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും ഹാട്രിക് നേട്ടങ്ങളുടെ പട്ടികയിലും ഇടം നേടിയാണ് താരം തിളങ്ങുന്നത്.
ഈ വര്‍ഷം 28 ഗോള്‍ നേടിയ റൊണാള്‍ഡോ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമനാണ്. 2023ല്‍ 30 ഗോള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജയന്‍ ഇന്റര്‍നാഷണല്‍ എര്‍ലിങ് ഹാലണ്ട് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിക്കുമ്പോള്‍ 27 ഗോളുമായി അല്‍ ഇത്തിഹാദിന്റെ കരീം ബെന്‍സെമ മൂന്നാമതാണ്.
ഹാട്രിക് നേട്ടങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ റൊണാള്‍ഡോ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂന്ന് ഹാട്രിക്കാണ് താരം 2023ല്‍ ഇതുവരെ നേടിയത്.
ഈ വര്‍ഷമാദ്യം ഫെബ്രുവരി ഒമ്പതിന് അല്‍ വേഹ്ദക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ റൊണാള്‍ഡോ ഫെബ്രുവരി 25ന് വീണ്ടും ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ നേടി. ശേഷം അല്‍ ഫത്തേക്കെതിരായ മത്സരത്തിലും ഹാട്രിക് തികച്ചതോടെയാണ് ഒന്നാം സ്ഥാനത്തേക്കെത്തിയത്.
രണ്ട് വീതം ഹാട്രിക്കുകളുമായി കരീം ബെന്‍സെമയും എര്‍ലിങ് ഹാലണ്ടുമാണ് റൊണാള്‍ഡോയുടെ പിറകിലുള്ളത്.
ബ്രേസെസിന്റെ കാര്യത്തിലും ഒന്നാമന്‍ റൊണാള്‍ഡോ തന്നെയാണ്. ഒരു മത്സരത്തിലെ രണ്ട് ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോ ഒന്നാമതും ഹാലണ്ട് രണ്ടാമതും എംബാപ്പെ മൂന്നാമതുമാണ്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് അല്‍ നസര്‍ മത്സരം വിജയിച്ചത്. റൊണാള്‍ഡോ ഹാട്രിക് നേടിയ മത്സരത്തില്‍ സൂപ്പര്‍ താരം സാദിയോ മാനേയാണ് ശേഷിക്കുന്ന ഗോളുകള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 27, 81 മിനിട്ടുകളിലായിരുന്നു മാനേയുടെ ഗോള്‍ നേട്ടം.
സീസണില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്ക് ഉയരാനും അല്‍ നസറിനായി. ഓഗസ്റ്റ് 29നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ഷബാബാണ് എതിരാളികള്‍.
Content Highlight: Cristiano Ronaldo’s brilliant performance in 2023