മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷങ്ങള്‍ ആരാധകരെയും സമ്മര്‍ദത്തിലാക്കിയിരുന്നു.
യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന റോണോ തനിക്ക് മികച്ച ഫോം പുറത്തെടുക്കാനാനാകുന്നില്ലെന്നും മാനസികമായി പ്രയാസം നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വെളിപ്പെടുത്തിയിരുന്നു.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോടും ക്ലബ്ബ് മാനേജ്‌മെന്റിനോടും അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് താരം ക്ലബ്ബുമായി ധാരണയിലെത്തി ഫ്രീ ഏജന്റ് ആവുകയായിരുന്നു. തുടര്‍ന്ന് നടന്ന ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല.
താരത്തിന്റെ പ്രായത്തെ ചൂണ്ടിക്കാട്ടി വിരമിക്കാന്‍ സമയമായി എന്നും ഇനിയും ഫുട്‌ബോളില്‍ തുടരുന്നത് കൊണ്ട് പ്രയോജനമില്ലെന്നും പറഞ്ഞ് പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിമര്‍ശകര്‍ക്ക് തക്ക മറുപടിയെന്നോണമാണ് സൗദിയിലെ താരത്തിന്റെ പ്രകടനം. റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി പി.എസ്.ജിക്കെതിരെ ഇറങ്ങിയപ്പോഴും കഴിഞ്ഞ ദിവസം അല്‍ നസറില്‍ അരങ്ങേറ്റ മത്സരം നടത്തിയപ്പോഴും ആരെയും അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം.
അല്‍ നസറിന്റെ ജേഴ്‌സിയില്‍ എത്തിഫാഖിനെതിരെ താരം നടത്തിയ ബൈസിക്കിള്‍ കിക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
മത്സരത്തില്‍ ഗോള്‍ ഒന്നും നേടാനായില്ലെങ്കിലും തന്റെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന നിരവധി സ്‌കില്ലുകളും ഡ്രിബ്ലിങ്ങുകളും താരത്തിന്റെ ഭാഗത്തു നിന്നും കാണാന്‍ കഴിഞ്ഞു. ഏതാനും മികച്ച അവസരങ്ങളും താരം മത്സരത്തില്‍ സൃഷ്ടിക്കുകയുണ്ടായി. ആദ്യത്തെ മത്സരത്തില്‍ തന്നെ ടീമിന്റെ നായകനായാണ് റൊണാള്‍ഡോ ഇറങ്ങിയത്.
മത്സരത്തില്‍ 90 മിനിട്ടും കളിച്ച റൊണാള്‍ഡോ 89 ശതമാനം പാസുകളും കൃത്യമായി നല്‍കിയതിനൊപ്പം രണ്ട് കീ പാസുകളും നല്‍കി. കൂടാതെ
ഒരു ക്ലിയറന്‍സും നടത്തിയ റോണോ പ്രതിരോധത്തെയും സഹായിക്കുകയുണ്ടായി. എതിര്‍ടീമിന്റെ പ്രതിരോധതാരത്തെ നിലത്തിരുത്തിയ റൊണാള്‍ഡോയുടെ സ്‌കില്‍ ആരാധകര്‍ക്ക് ആവേശം നല്‍കി.
മത്സരത്തിന് ശേഷം റൊണാള്‍ഡോയെ നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ അഭിനന്ദിച്ചത്.
എത്തിഫാഖിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. ടാലിസ്‌കയാണ് അല്‍ നസറിനായി വിജയ ഗോള്‍ നേടിയ താരം. പി.എസ്.ജിക്ക് എതിരായ റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനിലെ അവസാന ഗോളും ടാലിസ്‌കയുടേതായിരുന്നു. പി.എസ്.ജിക്കായി മെസി, എംബാപ്പെ, നെയ്മര്‍ ത്രയങ്ങള്‍ ഉണ്ടായിട്ടും ഇരട്ട ഗോള്‍ നേടി മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ റൊണാള്‍ഡോക്കായി.
ജനുവരി 26ന് അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlights: Cristiano Ronaldo’s Bicycle kick at Al Nassr goes viral