| Monday, 29th July 2024, 8:39 pm

ഇരട്ട ഗോളടിച്ച് റയലിനെ വിജയിപ്പിച്ച ആ ഗ്രൗണ്ടിലേക്ക് വീണ്ടും റൊണാള്‍ഡോ; എതിരാളികളുടെ തട്ടകത്തിലേക്ക് 12 വര്‍ഷത്തിന് ശേഷം

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണിന് മുന്നോടിയായി സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ അല്‍ നസര്‍ യൂറോപ്പിലേക്ക് പറക്കുകയാണ്. സെഗുണ്ട ഡിവിഷനിലെ അല്‍മേരിയക്കെതിരെയാണ് അല്‍ നസറിന് മത്സരമുള്ളത്. ഓഗസ്റ്റ് എട്ടിന് എതിരാളികളുടെ തട്ടകമായ പവര്‍ ഹോഴ്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ റൊണാള്‍ഡോ കളത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അല്‍ നസറുമായി സൗഹൃദ മത്സരം കളിക്കുന്ന വിവരം അല്‍മേരിയ അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ആരാധകര്‍ക്ക് അവരുടെ സീസണ്‍ ടിക്കറ്റുകള്‍ ഉപയോഗിച്ച് കളി കാണാന്‍ സാധിക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റൊണാള്‍ഡോ വീണ്ടും പവര്‍ ഹോഴ്‌സ് സ്‌റ്റേഡിയത്തിലെത്തുന്നത്. റയല്‍ മാഡ്രിഡ് താരമായിരിക്കെ 2012 ഡിസംബറിലാണ് റൊണാള്‍ഡോ ഇതിന് മുമ്പ് അല്‍മേരിയയുടെ തട്ടകത്തിലെത്തിയത്.

ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ അന്ന് റയല്‍ 2-1ന് ആതിഥേയരെ തോല്‍പിച്ചിരുന്നു.

അതേസമയം, റൊണാള്‍ഡോക്ക് പുറമെ സാദിയോ മാനേ, അയ്‌മെരിക് ലാപോര്‍ട്ടെ, മാര്‍സെലോ ബ്രോസോവിച്ച് എന്നിവരും അല്‍മേരിയക്കെതിരെ അല്‍ അലാമിക്കായി കളത്തിലിറങ്ങിയേക്കും.

ഗ്രനഡയോട് ഒന്നിനെതിരെ രണ്ട് ഗോളിന് വിജയിച്ചുകൊണ്ടാണ് അല്‍മേരിയ തങ്ങളുടെ പ്രീ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ അടുത്ത ബെന്‍ഫിക്കയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് ടീം പരാജയപ്പെട്ടു.

മൂന്നാം മത്സരത്തില്‍ മലാഗയോട് എതിരില്ലാത്ത ഒരു ഗോളിന് രക്ഷപ്പെട്ടെങ്കിലും തൊട്ടടുത്ത ദിവസം അല്‍ സിദ്ദിനോട് സ്വന്തം തട്ടകത്തില്‍ 1-1ന്റെ സമനില വഴങ്ങി.

അതേസയം, കഴിഞ്ഞ ദിവസം പോര്‍ട്ടോ എഫ്.സിയോട് എതിരില്ലാത്ത നാല് ഗോളിന് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. റൊണാള്‍ഡോയുടെ അഭാവത്തില്‍ ടാലിസ്‌കയാണ് അല്‍ നസറിന്റെ മുന്നേറ്റ നിരയെ നയിച്ചത്.

പോര്‍ട്ടോക്കായി നിക്കോ ഗോണ്‍സാല്‍വസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഇവാന്‍ ജെയ്മിയും ഗോണ്‍സാലോ ബോര്‍ജെസും ഓരോ ഗോള്‍ വീതവും നേടി.

ലുസിറ്റാനോ 1911നെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. എസ്റ്റാഡിയോ മുനിസിപല്‍ ഡി അല്‍ബുഫിയേറയാണ് വേദി.

Content highlight: Cristiano Ronaldo’s Al Nassr to play friendly match against Almeria FC

We use cookies to give you the best possible experience. Learn more