മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വരികയും ക്ലബ്ബുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടത്. തുടര്‍ന്ന് ഫ്രീ ഏജന്റായ താരം ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു.
രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുണ്ടായതിനാല്‍ ക്ലബ്ബിലെത്തിയിതിന് ശേഷവും റോണോക്ക് അല്‍ നസര്‍ ജേഴ്‌സിയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.
ഞായറാഴ്ചയാണ് താരം പുതിയ ക്ലബ്ബിനൊപ്പം അരങ്ങേറ്റം നടത്തിയത്. എത്തിഫാഖിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് അല്‍ നസറിലെ തുടക്കം ഗംഭീരമാക്കാന്‍ താരത്തിനായി. മത്സരത്തില്‍ ടാലിസ്‌കയാണ് അല്‍ നസറിനായി വിജയ ഗോള്‍ നേടിയത്.
തന്റെ 37ാം വയസിലും മികച്ച പ്രകടനമായിരുന്നു റോണോ അല്‍ നസറില്‍ കാഴ്ച വെച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അവസാന നാളുകളില്‍ താരം അനുഭവിച്ച സംഘര്‍ഷങ്ങള്‍ക്ക് വിരാമമായി എന്നാണ് മത്സരശേഷം പലരും അഭിപ്രായപ്പെട്ടത്.
മത്സരത്തിലുടനീളം റൊണാള്‍ഡോയില്‍ പഴയ ഉത്സാഹം കാണാനായെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ജനുവരി 19ന് റിയാദ് ഓള്‍ സ്റ്റാര്‍ ഇലവന് വേണ്ടി കളിച്ചപ്പോഴും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നു. പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തില്‍ 60 മിനിട്ട് മാത്രം കളിച്ച റൊണാള്‍ഡോക്ക് മികച്ച ഫോമില്‍ ഇരട്ട ഗോള്‍ നേടാനായി.
ഫ്രഞ്ച് വമ്പന്‍ ക്ലബായ പി.എസ്.ജിയില്‍ മെസി, എംബാപ്പെ, നെയ്മര്‍ ത്രയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത് റൊണാള്‍ഡോയാണ് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് അര്‍ഹനായത്.
ജനുവരി 26ന് അല്‍ ഇത്തിഹാദുമായാണ് അല്ഡ നസറിന്റെ അടുത്ത മത്സരം.