|

'ഏതടാ ഇവന്‍'; ബാലണ്‍ ഡി ഓര്‍ സമ്മാനമായി നല്‍കുമോയെന്ന് ചോദിച്ച സഹതാരത്തോട് ക്രിസ്റ്റ്യാനോ

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു അഭിമുഖത്തിനിടെ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ഫാബിയോ പയിം ബാലണ്‍ ഡി ഓറിനെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളിലൊന്ന് തനിക്ക് സമ്മാനമായി നല്‍കണമെന്ന് വീഡിയോയിലൂടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ വലിയ രീതിയില്‍ അഭിമുഖം വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ക്രിസ്റ്റ്യാനോ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ആരാണിവന്‍’ എന്നാണ് താരം പയിം ബാലണ്‍ ഡി ഓര്‍ ആവശ്യപ്പെടുന്ന വീഡിയോക്ക് താഴെ ക്രിസ്റ്റ്യാനോ കുറിച്ചത്.

സ്‌പോര്‍ട്ടിങ് ലിസ്ബണിലായിരിക്കുമ്പോള്‍ മികച്ച പ്രകടനമായിരുന്നു ക്രിസ്റ്റ്യാനോയും പയിമും കാഴ്ചവെച്ചിരുന്നത്. കളത്തില്‍ ക്രിസ്റ്റ്യാനോയെ പോലെ തന്നെ മികച്ച് നില്‍ക്കാന്‍ പയിമിനും സാധിച്ചിരുന്നു. പയിമിനെ സ്വന്തമാക്കാന്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും മത്സരിച്ചിരുന്നുവെന്നും ദ സണ്ണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പയിമിന്റെ മുന്നോട്ടുള്ള യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഫുട്‌ബോളിലെ ഭാവി വാഗ്ദാനമായിരുന്ന യുവ കളിക്കാരനില്‍ നിന്ന് ഒരു പ്രൊഫഷണല്‍ അത്‌ലെറ്റാകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഏഴ് രാജ്യങ്ങളിലായി 12ഓളം ക്ലബ്ബുകളിലാണ് പിന്നീട് അദ്ദേഹം ബൂട്ടുകെട്ടിയത്.

ലക്‌സംബര്‍ഗിലെ യൂണിയന്‍ 05 കെയ്ല്‍-ടെറ്റാന്‍ജിനൊപ്പം ബൂട്ടുകെട്ടിയിരുന്ന സമയത്ത് കളത്തിലെ അണ്‍പ്രൊഫഷണല്‍ പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തെ ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതും വലിയ തിരിച്ചടിയായി. 2019ല്‍ താരം മയക്കുമരുന്ന് കടത്ത് ആരോപണങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

അതേസമയം, സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറിയ റോണോ കരിയറില്‍ ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു. ഓള്‍ഡ് ട്രാഫോര്‍ഡിലെ ശ്രദ്ധേയമായ പ്രകടനത്തിന് ശേഷം അദ്ദേഹം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറും ഐതിഹാസിക പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. കരിയറില്‍ നിരവധി റെക്കോഡുകള്‍ തകര്‍ത്തുക്കൊണ്ട് ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി മാറി.

ഫുട്‌ബോളില്‍ അഞ്ച് ബാലണ്‍ ഡി ഓറുകള്‍ സ്വന്തമാക്കിയ 38കാരനായ റൊണാള്‍ഡോ നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് ബൂട്ടുകെട്ടുന്നത്.

Content Highlights: Cristiano Ronaldo responds to ex-teammate asking him for Ballon d’Or as gift