| Friday, 21st October 2022, 8:15 am

ഏറ്റവും മികച്ച മനുഷ്യര്‍ക്ക് പോലും ഇടക്ക് കയ്യീന്ന് പോകാറുണ്ട്; മാപ്പില്ലാത്ത മാപ്പ് പറച്ചിലുമായി ക്രിസ്റ്റ്യാനോ

സ്പോര്‍ട്സ് ഡെസ്‌ക്

ഒടുവില്‍ ഇറങ്ങിപ്പോക്കില്‍ ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ച കുറിപ്പിലാണ് മത്സരം തീരുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയതില്‍ ക്രിസ്റ്റ്യാനോ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് താരത്തിന്റെ കുറിപ്പ്. എല്ലാവരോടും ബഹുമാനപൂര്‍വം
ഇടപെടാനാണ് താന്‍ എന്നെന്നും ശ്രമിച്ചിട്ടുള്ളതെന്നും എന്നാല്‍ ചില നിമിഷങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടുപോയന്നുമാണ് റോണോ പറയുന്നത്.

മാപ്പ്, സോറി തുടങ്ങിയ വാക്കുകളൊന്നും ക്രിസ്റ്റ്യാനോ തന്റെ കുറിപ്പില്‍ ഉപയോഗിച്ചിട്ടില്ല. തന്റെ ഭാഗം വ്യക്തമാക്കിയ ശേഷം യുണൈറ്റഡിനൊപ്പം ഒന്നിച്ചുനില്‍ക്കുമെന്ന നിലയിലാണ് കുറിപ്പ് അവസാനിച്ചിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ക്രിസ്റ്റ്യാനോക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ചെല്‍സിയുമായുള്ള അടുത്ത മത്സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ക്രിസ്റ്റ്യാനോയുടെ രണ്ടാഴ്ചത്തെ ശമ്പളം റദ്ദാക്കികൊണ്ട് പിഴ ഈടാക്കാനും സഹകളിക്കാരോട് മാപ്പ് പറയാനും ടെന്‍ ഹാഗും അധികൃതരും നിശ്ചയച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ പരസ്യമായി വിശദീകരണ കുറിപ്പുമായി എത്തിയത്. ‘എന്റെ കരിയറിലുടനീളം സഹതാരങ്ങളോടും എതിര്‍ കളിക്കാരോടും പരിശീലകരോടും ബഹുമാനപൂര്‍വം ഇടപെടാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞാനും മാറിയിട്ടില്ല.

കഴിഞ്ഞ 20 വര്‍ഷമായി ഫുട്‌ബോള്‍ കളിക്കുന്ന അതേ വ്യക്തിയും അതേ പ്രൊഫഷണലും തന്നെയാണ് ഞാന്‍ ഇപ്പോഴും. ഞാനെടുക്കുന്ന ഓരോ തീരുമാനത്തിലും ബഹുമാനമെന്ന ഘടകത്തിന് വലിയ പങ്കുണ്ടായിരുന്നു.

ഞാന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയ ആളാണ്. അന്ന് മുതല്‍ മുതിര്‍ന്ന കളിക്കാര്‍ എനിക്ക് മാതൃകയായിരുന്നു. അതിന് ഞാന്‍ ഒരുപാട് പ്രാധാന്യം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ വളര്‍ന്നപ്പോഴും ചെറുപ്പക്കാരായ കളിക്കാര്‍ക്ക് മാതൃകയാകാനാണ് ശ്രമിച്ചത്. ഞാന്‍ കളിച്ച ഓരോ ടീമിലെയും യുവ കളിക്കാര്‍ക്ക് മുമ്പിലും മാതൃകാപരമായി ഇടപെടാന്‍ ഞാനെന്നും ശ്രമിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍ അങ്ങനെ പെരുമാറാന്‍ എപ്പോഴും സാധിക്കണമെന്നില്ല. ചില സമയത്ത് കോപം നമ്മുടെ കൂട്ടത്തിലെ ഏറ്റവും മികച്ചവരെ പോലും കീഴടക്കാറുണ്ട്.

കാരിങ്ടണില്‍ കൂടുതല്‍ പരിശീലനം നടത്തണമെന്നും എന്റെ സഹതാരങ്ങളെ സപ്പോര്‍ട്ട് ചെയ്യണമെന്നും ഈ ഗെയിമില്‍ എന്താണോ എന്നെ കാത്തിരിക്കുന്നത് അതിനെല്ലാം തയ്യാറായി ഇരിക്കണമെന്നുമാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്.

സമ്മര്‍ദത്തിന് കീഴ്‌പ്പെടുന്നത് ഒരു ഓപ്ഷനല്ല, ഒരിക്കലും ആകുകയുമില്ല എന്നും ഞാന്‍ മനസിലാക്കുന്നു.
ഇത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണ്. യുണൈറ്റഡ് ആയി തന്നെ നമ്മള്‍ നിലകൊള്ളണം. ഉടനെ തന്നെ നമ്മള്‍ വീണ്ടും ഒന്നിക്കും,’ ക്രിസ്റ്റ്യാനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇറങ്ങിപ്പോക്കായിരുന്നു കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ഉപദേശിച്ചും മുന്‍ കളിക്കാരും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച ടോട്ടന്‍ഹാം ഹോട്സ്പറുമായി നടന്ന മത്സരം തീരുന്നതിന് മുമ്പ് സബ്സ്റ്റിറ്റിയൂട്ടായി ബെഞ്ചിലിരിക്കുകയായിരുന്ന റൊണാള്‍ഡോ സ്റ്റേഡിയം വിട്ടുപോകുകയായിരുന്നു.

മാച്ചിന്റെ തൊണ്ണൂറാം മിനിട്ടിലായിരുന്നു ഇത്. മത്സരത്തിന് നാല് മിനിട്ട് ആഡ് ഓണ്‍ സമയമാണ് റഫറി നല്‍കിയിരുന്നത്. എന്നാല്‍ ഫൈനല്‍ വിസിലിന് കാത്തുനില്‍ക്കാതെ റൊണാള്‍ഡോ ടണലിലൂടെ പുറത്തുപോകുകയായിരുന്നു.

87ാം മിനിട്ടില്‍ കളത്തിലിറങ്ങാന്‍ കോച്ചായ ടെന്‍ ഹാഗ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇതിന് ക്രിസ്റ്റ്യാനോ തയ്യാറായില്ലെന്നും, തുടര്‍ന്നാണ് താരം ഗ്രൗണ്ടില്‍ നിന്നും പോയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റൊണാള്‍ഡോയുടെ ഈ പ്രവര്‍ത്തിക്ക് കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്ന സൂചനകള്‍ ടെന്‍ ഹാഗ് നല്‍കിയിരുന്നു. ‘ഇന്നില്ല, എന്താണ് വേണ്ടതെന്ന് പരിശോധിച്ച് നാളെ ഞാനത് കൈകാര്യം ചെയ്യും. ഞങ്ങളിപ്പോള്‍ വിജയം ആഘോഷിക്കുകയാണ്,’ എന്നായിരുന്നു മത്സരശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ടെന്‍ ഹാഗ് പ്രതികരിച്ചത്.

ഇതാദ്യമായല്ല ഫൈനല്‍ വിസിലിന് മുമ്പ് റൊണാള്‍ഡോ ഗ്രൗണ്ട് വിടുന്നത്. നേരത്തെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കിടെയും താരം കളിയവസാനിക്കും മുമ്പേ കളിക്കളം വിട്ടിരുന്നു. റയല്‍ വല്ലക്കാനോക്കെതിരായ മത്സരത്തിനിടെയായിരുന്നു താരം ഗ്രൗണ്ടില്‍ നിന്നും ഇറങ്ങി പോയത്.

അന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നെങ്കിലും റോണോക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ ഇറങ്ങിപ്പോക്കിനെ അങ്ങനെ വിട്ടുകളയാനാകില്ലെന്ന നിലപാടിലാണ് ടെന്‍ ഹാഗ്.

Content Highlight: Cristiano Ronaldo releases a public note on his exit from the last match

We use cookies to give you the best possible experience. Learn more