| Thursday, 12th January 2023, 8:41 am

ഒന്നും രണ്ടുമല്ല, റൊണാള്‍ഡോയെ റയല്‍ നിരസിച്ചത് നിരവധി തവണ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പല തവണ സൈന്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും റയല്‍ മാഡ്രിഡ് നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തെ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ധാരാളം അവസരങ്ങള് ഉണ്ടായിരുന്നെന്നും എന്നാല്‍ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടിയും ഫ്‌ലോറന്റിനോ പെരേഡസും തങ്ങളുടെ തീരുമാനതത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസറിലേക്ക് ചേക്കേറിയത്.

എന്നാല്‍ താരത്തിന് ഏഷ്യന്‍ ക്ലബ്ബിന് വേണ്ടി ബൂട്ട്കെട്ടുന്നതിനോട് വിയോജിപ്പുണ്ടായിരുന്നെന്നും അവസാന നിമിഷം വരെ റയല്‍ മാഡ്രിഡിന്റെ വിളിയും കാത്തിരിക്കുകയായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

റൊണാള്‍ഡോക്ക് തന്റെ പഴയ ക്ലബ്ബായ റയലിലേക്ക് പോകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ക്ലബ്ബ് താരത്തെ ക്ഷണിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തര്‍ ലോകകപ്പില്‍ നിന്നും പോര്‍ച്ചുഗലിന്റെ പുറത്താകലോടെ സ്പെയ്നില്‍ എത്തിയ റോണോ റയല്‍ മാഡ്രിഡിന്റെ ട്രെയിനിങ് ക്യാമ്പില്‍ പരിശീലനം നടത്തിയപ്പോള്‍ താരം തന്റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് തിരികെ പോകുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

തങ്ങളുടെ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന റോണോയെ തിരികെയെത്തിക്കാന്‍ റയല്‍ ശ്രമിക്കുകയാണ് എന്നതരത്തിലുള്ള അഭ്യൂഹങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നത്.

തൊട്ടടുത്ത ദിവസം തന്നെ റൊണാള്‍ഡോ മാഡ്രിഡ് പരിശീലന ക്യാമ്പ് വിട്ടെന്നും തന്റെ പ്രൈവറ്റ് ജെറ്റില്‍ ദുബായിലേക്ക് പറന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. താരം വാല്‍ദെബെബാസ് ക്യാമ്പില്‍ പരിശീലനം നടത്തുന്നതിനോട് റയല്‍ വിമുഖത കാണിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. താരം അല്‍നസറില്‍ പരിശീലനം നടത്തുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ നസ്‌റിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.

സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.

റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘റിയാദ് സീസണ്‍’ സൗഹൃദ ടൂര്‍ണമെന്റിലാണ് പി.എസ്.ജിയും അല്‍ നസറും കളിക്കുക.

സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അല്‍-നസറിന്റെയും അല്‍-ഹിലാലിന്റെയും ഏറ്റവും മുന്‍നിര താരങ്ങള്‍ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ അണിനിരക്കുക.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

Content Highlights: Cristiano Ronaldo rejected by Real Madrid several times

We use cookies to give you the best possible experience. Learn more