ഫുട്‌ബോളില്‍ തന്റെ 38ാം വയസിലും റെക്കോഡുകള്‍ അടിച്ചെടുത്ത് ചരിത്രം കുറിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്. യൂറോ 2024ന്റെ യോഗ്യതാ മത്സരങ്ങളില്‍ ഐസ്‌ലന്‍ഡിനെതിരെ ബൂട്ടുകെട്ടുന്നതോടെ റൊണാള്‍ഡോ നാഷണല്‍ ജേഴ്‌സിയില്‍ 200 മത്സരങ്ങള്‍ തികയ്ക്കും. ഐസ്‌ലന്‍ഡിനെതിരെ കളത്തിലിറങ്ങുന്നതിന് മുമ്പ് വിഖ്യാത നേട്ടത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പിടിച്ചുനില്‍ക്കുന്ന റോണോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍.
Cristiano Ronaldo is awarded the Guinness World Record for the most international caps by a men’s player (200) 👏 pic.twitter.com/nh4581ECCU
ആധുനിക ഫുട്‌ബോളില്‍ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് താരം. നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം 200 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 122 ഗോളുകളാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്.
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനും പരിശീലകനും തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നത്രയും കാലം താന്‍ നാഷണല്‍ ജേഴ്‌സിയില്‍ തുടരുമെന്നാണ് ഗിന്നസ് നേട്ടത്തിന് ശേഷം റോണോ പറഞ്ഞത്. ദേശീയ ടീമിനെ പ്രതിനിധീകരിക്കുന്നത് കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഗോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും പരിശീലകനും എന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം ഞാനിവിടെ തുടരും. ഞാനൊരിക്കലും പിന്തിരിയില്ല, കാരണം ഇതെന്റെ സ്വപ്‌നമാണ്. രാജ്യത്തെ പ്രതിനിധീകരിക്കാനാകുന്നത് കരിയറിന്റെ ഉന്നതിയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. എല്ലായിപ്പോഴും കളിച്ച് കുടുംബത്തെയും സുഹൃത്തുക്കളെയും പോര്‍ച്ചുഗീസുകാരെയും സന്തോഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ക്രിസ്റ്റ്യാനോ പറഞ്ഞു.
2003ല്‍ തന്റെ 18ാം വയസിലാണ് റോണോ അന്താരാഷ്ട്ര ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2016ല്‍ രാജ്യത്തിനായി യൂറോ കപ്പുയര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലും ചാമ്പ്യന്മാരാകാനാകുമെന്ന പ്രതീക്ഷയിലാണ് ടീം പോര്‍ച്ചുഗല്‍.