മാഞ്ചസ്റ്റർ യുണൈറ്റഡും പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും രമ്യതയിലല്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. റൊണാൾഡോയെ യുണൈറ്റഡ് പാടെ അവഗണിക്കുന്ന രംഗമായിരുന്നു ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കിടയിൽ കാണാനായത്.
ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും റൊണാൾഡോക്കും നേരെ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇരു കൂട്ടരും സംഭവത്തിൽ പ്രതികരിച്ചിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ പിയേഴ്‌സ് മോർഗന്റെ ടോക്ക് ഷോയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു താരം നടത്തിയത്.
അഭിമുഖത്തിനിടെ കോച്ച് എറിക് ടെൻ ഹാഗും മറ്റ് പല ഒഫീഷ്യൽസും തന്നെ പുറത്താക്കാൻ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാൾഡോ തുറന്നടിച്ചു. ക്ലബ്ബിൽ താൻ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഈ സീസണിൽ മോശം പ്രകടനം കാഴ്ച വെക്കാനിടയായ കാരണവും അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയിരുന്നു.
മാനസികമായി വലിയ പ്രതിസന്ധിയിലൂടെയായിരുന്നു താൻ കടന്നുപോയതും തന്റെ കുഞ്ഞിന് അസുഖമായതിനാൽ ആശുപത്രിയിൽ കഴിയേണ്ടി വന്ന വിവരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടും അവർ വിശ്വസിച്ചില്ലെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
‘എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത്, എന്റെ കുഞ്ഞിന്റെ ദയനീയാവസ്ഥ യുണൈറ്റഡിനെ അറിയിച്ചിട്ടും അവരുടെ നിലപാട് കണ്ടപ്പോഴാണ്. ഒരാഴ്ചയോളം മരണക്കിടക്കയിൽ മല്ലിട്ട് കിടക്കുകയായിരുന്നു എന്റെ കുഞ്ഞ്.
അതുകൊണ്ട് എനിക്ക് മത്സരങ്ങളുടെ പ്രീ സീസണിൽ പോകാൻ സാധിച്ചിരുന്നില്ല. എനിക്കെന്റെ കുടുബത്തെ ആ സമയത്ത് ഉപേക്ഷിച്ച് പോകാൻ സാധിക്കുമായിരുന്നില്ല. വിവരം അറിയിച്ചിട്ട് മാനേജ്മെന്റ് എന്നെ മനസിലാക്കിയിരുന്നില്ല,’ റൊണാൾഡോ പറഞ്ഞു.
2021ലായിരുന്നു താരം മാഞ്ചസ്റ്ററിലേക്ക് തിരികെയെത്തിയത്. സർ അലക്‌സ് ഫെർഗൂസന്റെ ശിക്ഷണത്തിൽ ലോകോത്തര ഫുട്‌ബോളർ പദവിയിലേക്കുയർന്ന ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് തന്റെ കരിയറിൽ മറക്കാനാഗ്രഹിക്കുന്ന ദിവസങ്ങളായിരുന്നു സെക്കന്റ് റണ്ണിൽ യുണൈറ്റഡ് നൽകിയത്.
സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വരികയും അവസരം ലഭിച്ച മത്സരത്തിൽ വേണ്ടവിധം കളിക്കാൻ സാധിക്കാതെ വരികയും ചെയ്തതോടെ ക്രിസ്റ്റ്യാനോക്ക് മാഞ്ചസ്റ്റർ മടുത്തിരുന്നു. ഇതിനിടെ ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന മോഹവുമായി ക്ലബ്ബ് വിടാൻ ഒരുങ്ങിയതോടെ താരവും കോച്ചും തമ്മിലുള്ള പോരിനും കളമൊരുങ്ങിയിരുന്നു.
പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ കളി തീരുന്നതിന് മുമ്പ് ഗ്രൗണ്ട് വിട്ടതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും റൊണാൾഡോക്ക് നേരിടേണ്ടി വന്നിരുന്നു.
ശേഷം ചെൽസിക്കെതിരായ മത്സരത്തിൽ താരത്തെ ടീം വിലക്കുകയും പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യൂറോപ്പാ ലീഗിൽ സ്റ്റാർട്ടിങ് ഇലവനിൽ കളിച്ച് താരതമ്യേന മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്, എങ്കിലും പ്രീമിയർ ലീഗിൽ താരം ബെഞ്ചിൽ തുടർന്നു. എന്നാൽ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരായ മത്സരത്തിൽ താരം ടീമിനെ നയിച്ചെങ്കിലും 3-1ന് പരാജയപ്പെടുകയായിരുന്നു.
Content Highlights: Cristiano Ronaldo Recalls the Heartbreaking Moments in Manchester United