അമേരിക്കന്‍ സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരാനുള്ള അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ തീരുമാനത്തില്‍ പ്രതികരിച്ച് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു പുതിയ വാട്ടര്‍ ബ്രാന്‍ഡിന്റെ പ്രമോഷന്റെ ചടങ്ങില്‍ വെച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ റൊണാള്‍ഡോയോട് മെസിയുടെ എം.എല്‍.എസ് ക്ലബിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ത്തിയത്.
ആദ്യം ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച റോണോ മെസിക്ക് ആശംസകള്‍ നേരുകയും ചെയ്തു.
‘ഫുട്ബോളിനെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, വെള്ളത്തെക്കുറിച്ച് മാത്രം. ആശംസകള്‍, എല്ലാവരേയും സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവിടെ ഞങ്ങളുടെ ലീഗില്‍ യാതൊരു പ്രശ്നവുമില്ല,’ റൊണാള്‍ഡോ പറഞ്ഞതായി
ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
പണമാണ് തന്റെ പ്രശ്‌നമെങ്കില്‍ സൗദി അറേബ്യ പോലുള്ള ക്ലബ്ബിലേക്ക് പോകില്ലേ എന്ന് ഇന്റര്‍മിയാമി സൈനിങ്ങിന് പിന്നാലെ കഴിഞ്ഞ ദിവസം മെസി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റോണോഡോയുടെ പ്രതികരണം.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കയിലെ ഇന്റര്‍ മയാമിയില്‍ ചേരുമെന്നത് അര്‍ജന്റീനന്‍ നായകന്‍ പ്രഖ്യാപിച്ചത്. മെസി ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബില്‍ ചേരുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് മെസിയെ ഇന്റര്‍ മയാമി സൈന്‍ ചെയ്തിരിക്കുന്നത്.
മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മെസിയുടെ പുതിയ തീരുമാനത്തിന്റെ ഷോക്കിലാണ് ബാഴ്‌സലോണ മെസി ആരാധകര്‍.
Content Highlight: Cristiano Ronaldo reacts to Lionel Messi’s decision to join American soccer club Inter Miami