അല്‍ ഹിലാല്‍ ഗാലറിയില്‍ മെസിയുടെ ചാന്റ്; റോണോയുടെ വ്യത്യസ്തമായ പ്രതികരണം ശ്രദ്ധ നേടുന്നു
Football
അല്‍ ഹിലാല്‍ ഗാലറിയില്‍ മെസിയുടെ ചാന്റ്; റോണോയുടെ വ്യത്യസ്തമായ പ്രതികരണം ശ്രദ്ധ നേടുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd December 2023, 8:21 am

സൗദി പ്രോ ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ അല്‍ ഹിലാല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അല്‍ നസറിനെ തോല്‍പ്പിച്ചു. മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ ഇറങ്ങിയിട്ടും അല്‍ നസര്‍ പരാജയപ്പെടുകയായിരുന്നു.

മത്സരത്തിനിടെ മൈതാനത്തുള്ള റൊണാള്‍ഡോയുടെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മത്സരശേഷം അല്‍ ഹിലാല്‍ ആരാധകര്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പേര് ചാന്റ് പാടുകയായിരുന്നു. എന്നാല്‍ ഇതിന് വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. മെസിയുടെ ചാന്റിനെതിരെ അല്‍ ഹിലാല്‍ ആരാധകര്‍ക്ക് കൈ കൊണ്ട് ചുംബനങ്ങള്‍ നല്‍കുകയായിരുന്നു റോണോ. എതിര്‍ ടീമിന്റെ ആരാധകരില്‍ നിന്നും പ്രകോപിതമായ പെരുമാറ്റം ഉണ്ടായിട്ടും റൊണാള്‍ഡോ പക്വതയാര്‍ന്ന പ്രതികരണം നല്‍കിയത് ഏറെ ശ്രദ്ധേയമായി.

സൂപ്പര്‍ താരം റൊണാള്‍ഡോ ആദ്യ ഇലവനില്‍ കളത്തില്‍ ഇറങ്ങിയിട്ടും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. രണ്ട് തവണ അല്‍ ഹിലാലിന്റെ പോസ്റ്റിലേക്ക് റൊണാള്‍ഡോ പന്തെത്തിച്ചെങ്കിലും താരം ഓഫ് സൈഡില്‍ കുടുങ്ങുകയായിരുന്നു.

അല്‍ ഹിലാലിന്റെ ഹോം ഗ്രൗണ്ടായ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാനായില്ല.

രണ്ടാം പകുതിയില്‍ 64ാം മിനിട്ടില്‍ സെര്‍ജ് മിലികോവിച്ച് സാവിക് ആണ് അല്‍ ഹിലാലിന്റെ ആദ്യ ഗോള്‍ നേടിയത്. മത്സരത്തില്‍ 89ാം മിനിട്ടിലും ഇഞ്ചുറി ടൈമിലും ഇരട്ടഗോള്‍ നേടി അലക്‌സാണ്ടര്‍ മിട്രോവിച്ച് അല്‍ ഹിലാലിനെ തകര്‍പ്പന്‍ ജയം നേടിക്കൊടുത്തു.

ജയത്തോടെ സൗദി ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നും 41 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്താനും അല്‍ ഹിലാലിന് സാധിച്ചു.

തോറ്റെങ്കിലും 34 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി ഏഴ് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ ഡിസംബര്‍ അഞ്ചിന് ഇസ്തിക്കോളുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അതേസമയം ഡിസംബര്‍ നാലിന് അല്‍ ഹിലാലിന് നസ്സാജി മസാന്ദരനുമായാണ് മത്സരം.

Content Highlight: Cristiano Ronaldo reaction when Al Hilal fans chant Lionel Messi name.