മിലാന്‍: പോര്‍ച്ചുഗല്‍ ജുവന്റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി യു.എസ് യുവതി. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞതായി ഒരു ജര്‍മ്മന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു.
കാതറിന്‍ മയോര്‍ഗയെന്ന 34 കാരിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്. 2009ല്‍ ലാസ് വെഗാസില്‍ വെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബലാത്സംഗം ചെയ്‌തെന്ന് ഇവര്‍ ആരോപിച്ചെന്നാണ് ജര്‍മ്മന്‍ മാഗസീനായ ഡെര്‍ സ്‌പൈഗല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
പിന്നീട് ഇക്കാര്യം പുറത്തു പറയാതിരിക്കാന്‍ യുവതിക്ക് റൊണാള്‍ഡോ 375000 ഡോളര്‍ നല്‍കിയതായും അവര്‍ പറയുന്നു. ഈ പരാതിയില്‍ കോടതിക്ക് പുറത്തുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ സാധുത ചോദ്യം ചെയ്ത് യുവതിയുടെ അഭിഭാഷകന്‍ രംഗത്തുവന്നിരിക്കുകയാണ്.
ഒമ്പതുവര്‍ഷത്തിനുശേഷമാണ് ആ സംഭവത്തെക്കുറിച്ച് പൊതുമധ്യത്തില്‍ മയോര്‍ഗ സംസാരിക്കുന്നത്. റൊണാള്‍ഡോയുടെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.
അതേസമയം ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചിട്ടുണ്ട്. അവരുമായുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാദം.
എന്നാല്‍ ഈ വാദത്തെ ഖണ്ഡിക്കുന്ന രേഖ യുവതിയുടെ അഭിഭാഷകന്‍ ഹാജരാക്കിയിട്ടുണ്ട്. ആ രാത്രിയിലെ സംഭവങ്ങള്‍ വിശദീകരിച്ച് റൊണാള്‍ഡോയെഴുതിയ കുറിപ്പാണ് മയോര്‍ഗ തെളിവായി ഉയര്‍ത്തിക്കാട്ടിയത്. ആ രേഖയില്‍ “അവര്‍ പലതവണ “നോ” പറഞ്ഞിരുന്നു. നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു” എന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നത്.
“കാതറിന്‍ മയോര്‍ഗയ്ക്ക് ക്രിസ്റ്റിയാനോ റൊണാള്‍ഡോ കാരണമുണ്ടായ പരുക്കുകള്‍ക്കും ആ പരിക്കുകളുടെ പ്രത്യാഘാതങ്ങള്‍ക്കും കോടതിക്കു മുമ്പില്‍ റൊണാള്‍ഡോ ഉത്തരവാദിയാണെന്ന് തെളിയിക്കുകയാണ് ഈ നിയമപോരാട്ടം വഴി ലക്ഷ്യമിടുന്നത്” എന്നാണ് മയോര്‍ഗയുടെ അഭിഭാഷകന്‍ പറയുന്നത്.