സമ്മര്‍ ട്രാന്‍സ്ഫര്‍ അടുക്കാനിരിക്കെ താരങ്ങളുടെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പിലേക്ക് തിരിച്ചുവരുമെന്നും അഭ്യൂഹങ്ങളുണ്ട്.
വിഷയത്തില്‍ റൊണാള്‍ഡോയുടെ പ്രതികരണം ഉദ്ധരിച്ച് കഴിഞ്ഞ ദിവസം പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിരുന്നു. സൗദിയില്‍ താന്‍ സന്തോഷവാനാണെന്നും അടുത്ത സീസണിലും ഇവിടെ തുടരുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞതായാണ് റൊമാനോയുടെ ട്വീറ്റ്.
തൊട്ടുപിന്നാലെ സൗദി അറേബ്യയെ കുറിച്ചും അവിടത്തെ കള്‍ച്ചറിനെ കുറിച്ചും റോണോ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. സൗദിയിലെ കള്‍ച്ചര്‍ പഠിക്കാനും ഭക്ഷണം രുചിക്കാനുമൊക്കെയായി രാജ്യം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും നൈറ്റ് ലൈഫ് അനുഭവിച്ചറിയണമെന്നും അറേബ്യയിലെ രാത്രികാലത്തെ സിറ്റി ലൈഫ് അതിമനോഹരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്നോടൊപ്പം തന്റെ കുടുംബവും സൗദിയില്‍ സന്തുഷ്ടരാണെന്നും റോണോ വ്യക്തമാക്കി. സൗദി പ്രോ ലീഗിന്റെ ഒഫീഷ്യല്‍ പ്ലാറ്റ്‌ഫോമിലാണ് റൊണാള്‍ഡോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘നിങ്ങള്‍ സൗദിയിലെ കള്‍ച്ചറും ഭക്ഷണവും ആസ്വദിക്കുവാന്‍ താത്പര്യപ്പെടുന്നുണ്ടെങ്കില്‍ ഇവിടത്തെ നൈറ്റ് ലൈഫ് അനുഭവിച്ചറിയണമെന്ന് ഞാന്‍ പറയും. രാത്രി കാലത്തെ സിറ്റി അതിമനോഹരമാണ്. രുചിയേറിയ ഭക്ഷണം കഴിക്കണമെങ്കില്‍ തീര്‍ച്ചയായും റിയാദ് സന്ദര്‍ശിക്കൂ. ഏറ്റവും നിലവാരമുള്ള റെസ്റ്ററന്‍ുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് റിയാദ്.
വളരെ മികച്ച അനുഭവമാണ് എനിക്കിവിടെ ഉണ്ടായിട്ടുള്ളത്. ഞാന്‍ മാത്രമല്ല എന്റെ കുടുംബവും ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. അവരും ഇവിടെ സന്തുഷ്ടരാണ്,’ റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.
അതേസമയം, സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായിരുന്നു.
Content Highlights: Cristiano Ronaldo praises Saudi Arabia