ഞാനാണ് ലോകത്തെ ഏറ്റവും മികച്ച താരം, രണ്ടും മൂന്നും സ്ഥാനത്തും ഞാന്‍ തന്നെ; ക്രിസ്റ്റ്യാനോയുടെ പഴയ അഭിമുഖം വൈറലാകുന്നു
Football
ഞാനാണ് ലോകത്തെ ഏറ്റവും മികച്ച താരം, രണ്ടും മൂന്നും സ്ഥാനത്തും ഞാന്‍ തന്നെ; ക്രിസ്റ്റ്യാനോയുടെ പഴയ അഭിമുഖം വൈറലാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st January 2023, 3:34 pm

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചത് എന്നത് ആരാധകരെ എപ്പോഴും കുഴപ്പിക്കുന്ന ചോദ്യമാണ്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയ ചരിത്രമാണ് ഇരുവര്‍ക്കുമുള്ളത്.

2008ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ റൊണാള്‍ഡോയോട് ഈ ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍.

ലോകത്തെ ഏറ്റവും മികച്ച ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും താരം താന്‍ ആണെന്നായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍. അന്ന് ബ്രസീലിന്റെയും കക്കയെയും ഫെര്‍ണാണ്ടോ ടോറസിനെയും ലയണല്‍ മെസിയെയുമെല്ലാം പിന്തള്ളി കൊണ്ടാണ് റോണോ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

സ്‌പോര്‍ട്‌സ് മാനറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2011ലെ ലാ ലിഗയില്‍ റൊണാള്‍ഡോയും മെസിയും കളിക്കുന്നതിന് മുമ്പ് സമാന ചോദ്യം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ താനാണ് മെസിയെക്കാള്‍ മികച്ചതെന്ന് ഈ ലോകത്ത് എല്ലാവര്‍ക്കും അറിയാമെന്നാണ്.

‘ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ പോകുന്നില്ല. ഞാനാണ് മെസിയെക്കാള്‍ മികച്ചതെന്ന് എല്ലവര്‍ക്കും അറിയാം,’ റൊണാള്‍ഡോ പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഈ ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ലെന്ന് വേണം പറയാന്‍. ഇരുവരില്‍ വിശ്വകിരീടം ഉയര്‍ത്താനായത് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്കാണ് എന്നതൊഴിച്ചാല്‍ രണ്ട് താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കരിയറിലുടനീളം പുറത്തെടുത്തത്.

2003ല്‍ 16വയസ്സ് പ്രായമുള്ളപ്പോള്‍ പോര്‍ട്ടോക്കെതിരെയാണ് ബാഴ്‌സക്കായി മെസി തന്റെ അരങ്ങേറ്റമത്സരം കളിച്ചത്. റൊണാള്‍ഡോ 2002ല്‍ പതിനെട്ടാം വയസ്സില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണിലൂടെ മുഖ്യധാരാ ഫുട്‌ബോളിലേക്കെത്തി.

ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 701 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 695 ഗോളുകളാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

എന്നാല്‍ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Cristiano Ronaldo praises himself