| Sunday, 31st July 2022, 11:18 pm

രാജാവ് വരുമെന്ന് പറഞ്ഞു, വന്നു; പക്ഷെ ടീമിന് ഗുണമുണ്ടായില്ല

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ഒരുപാട് നാളായി ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചകള്‍ക്ക് വഴയൊരുക്കിയതാണ് റൊണാള്‍ഡോയും അദ്ദേഹത്തിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഭാവിയും. നേരത്തെ അദ്ദേഹത്തിന് യുണൈറ്റഡില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

യുണൈറ്റഡിന് യു.സി.എല്‍ കളിക്കാന്‍ സാധിക്കാത്തതാണ് അദ്ദേഹത്തിന് ടീമില്‍ നില്‍ക്കാന്‍ താലപര്യമില്ലാത്താതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റു ടീമുകളൊന്നും അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്‍പര്യപ്പെടാത്തതിനാല്‍ റോണോ യുണൈറ്റഡില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതനാകുയായിരുന്നു.

പ്രീ സീസണ്‍ മത്സരത്തിലൊന്നും അദ്ദേഹം പങ്കെടുത്തില്ലായിരുന്നു. എന്നാല്‍ ഇന്ന് നടന്ന അവസാന പ്രീ സീസണ്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് റോണോ അറിയിച്ചിരുന്നു. ‘കിങ് വില്‍ പ്ലെ ഓണ്‍ സണ്‍ഡേ’ എന്നായിരുന്നു റോണോ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പറഞ്ഞത് പോലെ തന്നെ അദ്ദേഹം യുണൈറ്റഡിനായി ഇന്ന് കളിക്കാനിറങ്ങിയിരുന്നു. റയോ വല്ലോക്കാനെയെയായിരുന്നു യുണൈറ്റഡില്‍ അവസാന മത്സരത്തില്‍ നേരിട്ടത്. മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. 1-1 ആയിരുന്നു സ്‌കോര്‍. റൊണാള്‍ഡോ യുണൈറ്റഡിനായി കളത്തിലിറങ്ങിയെങ്കിലും ഗോളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സീസണ്‍ അവസാനിച്ചതിന് ശേഷം ആദ്യമായാണ് റൊണാള്‍ഡൊ ടീമിനൊപ്പം കളിക്കാനിറങ്ങുന്നത്. കുടുംബ പരമായ പ്രശ്നങ്ങള്‍ കാരണം ക്രിസ്റ്റ്യാനോ പ്രീ സീസണ്‍ മത്സരത്തിന്റെ തുടക്കത്തില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. ഇന്നലെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം തുടങ്ങിയത്. താരം ക്ലബ്ബ് വിടുമെന്ന അഭ്യൂഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരേ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. പോര്‍ച്ചുഗീസ് താരം ജാവെ ഫോലിക്സിന്റെ ഗോളിലായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ റോണോയും എറിക്സണുമുണ്ടായിരുന്നു എങ്കിലും ആദ്യ പകുതിയില്‍ യുണൈറ്റഡ് ഗോള്‍ നേടിയില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ അമദ് ദിയാലോ ആണ് യുണൈറ്റഡിന് ലീഡ് നല്‍കിയത്. ഈ ലീഡ് അധികം താമസിയാതെ നഷ്ടപ്പെട്ടു.

ഗാര്‍സിയ ആണ് സ്പാനിഷ് ടീമിനായി സമനില നല്‍കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇന്ന് അര്‍ജന്റീന യുവതാരം ഗര്‍നാചോ ഗംഭീര പ്രകടനം നടത്തി. പുതിയ സൈനിങ് ലിസാന്‍ഡ്രോയും ഇന്ന് യുണൈറ്റഡിനായി ഇറങ്ങിയിരുന്നു. പ്രീസീസണിന്റെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിന് യുണൈറ്റഡ് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രകടനം പുറത്തെടുക്കാന്‍ പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല.

Content Highlights: Cristiano Ronaldo played For Manchester united in a pre season match

Latest Stories

We use cookies to give you the best possible experience. Learn more