| Monday, 3rd October 2022, 10:09 pm

ആ പയ്യൻ ഇങ്ങനെ ഗോളടിച്ചുകൂട്ടുമ്പോൾ എങ്ങനെ നോക്കി നിൽക്കാനാണ്; പൂണ്ടുവിളയാടി ഹാലണ്ട്, കളിക്കണ്ടിരിക്കാൻ പോലുമാകാതെ റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോൾ ലോകത്ത് ഇത് എർലിങ് ഹാലണ്ട് യുഗമാണ്. ഓരോ കളിയിലും അനായാസമായാണ് താരം ഗോളടിച്ചു കൂട്ടുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി നേടിയ 23 ഗോളുകളിൽ 11ഉം ഹാലണ്ടിന്റെ സംഭാവനയാണ്.

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആറ് ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ തരിപ്പണമാക്കിയത്. ഫിൽ ഫോഡന്റെയും ഗോളടി യന്ത്രമായ എർലിങ് ഹാലണ്ടിന്റെയും ഹാട്രിക്കുകളാണ് മാഞ്ചസ്റ്ററിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചത്.

അതേസമയം നാണംകെട്ട തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നില്ല. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ മാത്രമാണ് റൊണാൾഡോ ഇതുവരെ സ്റ്റാർട്ട് ചെയ്തിട്ടുളളത്. ആകെ നേടിയത് ഒരു പെനാൽട്ടി ഗോൾ മാത്രം.

എർലിങ് ഹാലണ്ട് തന്റെ ടീമിന് വേണ്ടി ഗോളടിച്ചു കൂട്ടുമ്പോൾ ബെഞ്ചിൽ മുഖം പൊത്തിയിരിക്കുന്ന റൊണാൾഡോയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. യുവതാരം എതിർടീമിന് വേണ്ടി ഗോളുകൾ നെയ്യുമ്പോൾ നിസഹായനായി ബെഞ്ചിലിരിക്കേണ്ടി വരുന്ന അവസ്ഥയെയാണ് റൊണാൾഡോയുടെ ചിത്രം സൂചിപ്പിക്കുന്നതെന്നാണ് ആരാധകരിൽ പലരും അഭിപ്രായപ്പെട്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 4-0ന് യുണൈറ്റഡ് തോൽവി വഴങ്ങിയപ്പോൾ ബ്രേക്ക് ടൈമിന് ശേഷം താരത്തെ കളിക്കാനിറക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ സമീപകാലത്ത് മോശം ഫോമിൽ തുടരുന്ന റൊണാൾഡോയെ കളത്തിലിറക്കാൻ പരിശീലകൻ എറിക് ടെൻ ഹാഗ് തയ്യാറായിരുന്നില്ല.

മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ സിറ്റി ലീഡ് നേടിയിരുന്നു. ഫിൽ ഫോഡ് ആദ്യ ഗോൾ നേടിയപ്പോൾ 34ാം മിനിട്ടിലും 37ാം മിനിട്ടിലും ഹാലണ്ട് സ്‌കോർ ചെയ്യുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കേ ഫോഡൻ വീണ്ടും വലകുലുക്കി.

മത്സരത്തിന്റെ 56ാം മിനിട്ടിലാണ് യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ നേടുന്നത്. ബ്രസീൽ സൂപ്പർ താരം ആന്റണിയായിരുന്നു ഗോൾ സ്‌കോറർ.

യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറന്ന് പത്ത് മിനിട്ട് തികയും മുമ്പേ 64ാം മിനിട്ടിൽ മറ്റൊരു ഗോൾ കൂടി നേടി എർലിങ് ഹാലണ്ട് ഹാട്രിക് തികച്ചപ്പോൾ 73ാം മിനിട്ടിൽ ഫോഡനും തന്റെ ഹാട്രിക് പൂർത്തിയാക്കി.

എട്ട് മത്സരത്തിൽ നിന്നും ആറ് ജയവും രണ്ട് സമനിലയുമായി സിറ്റി തങ്ങളുടെ അ്ൺബീറ്റൺ സ്ട്രീക്ക് തുടരുമ്പോൾ ഏഴ് കളിയിൽ നിന്ന് നാല് ജയവും മൂന്ന് തോൽവിയുമായി 12 പോയിന്റോടെ യുണൈറ്റഡ് ആറാമതാണ്. സീസണിൽ ശേഷിക്കുന്ന മത്സരത്തിലും റൊണാൾഡോ കളിക്കാനിടയില്ല.

Content Highlights: Cristiano Ronaldo pictured holding his head in hands on the bench after Erling Haaland stars for Manchester City

We use cookies to give you the best possible experience. Learn more