| Friday, 17th March 2023, 4:46 pm

മികച്ച താരങ്ങള്‍ അവര്‍ മൂന്നുപേരാണ്, പക്ഷെ വ്യക്തിഗത നേട്ടത്തില്‍ ഞാന്‍ തന്നെ മുന്നില്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് തനിക്കിഷ്ടമല്ലെന്നും എന്നാലും ബ്രസീലിയന്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോയും റൊണാള്‍ഡീഞ്ഞോയും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുമാണ് ഏറ്റവും മികച്ച താരമെന്നും അദ്ദേഹം പറഞ്ഞു.

അവരെക്കാള്‍ വ്യക്തിഗത നേട്ടം തനിക്കുണ്ടെന്നും എന്നാല്‍ അവരെല്ലാം ലോകചാമ്പ്യന്മാരാണെന്നും റോണോ പറഞ്ഞു. ഇ.എസ്.പി.എന്‍ സ്‌പോര്‍ട്‌സിനോടാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അത് നമ്മള്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എനിക്ക് താരങ്ങളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാലും ഏറ്റവും മികച്ച താരങ്ങള്‍ ആരെന്ന് ചോദിച്ചാല്‍ ഞാന്‍ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസി എന്നിവരെ പറയും. കാരണം അവര്‍ മൂവരും ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിക്കുകയും തങ്ങളുടേതായ മുദ്ര പതിപ്പിച്ചവരുമാണ്.

ഇവരെക്കാളൊക്കെ വ്യക്തിഗത നേട്ടങ്ങള്‍ എനിക്കാണെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ അവര്‍ക്ക് ലോകകപ്പുണ്ട്. റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും കളിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്,’ ക്രിസ്റ്റിയാനോ പറഞ്ഞു.

യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് കൊണ്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ താരമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആരാധകരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു താരത്തിന്റെ ക്ലബ്ബ് മാറ്റം. കരിയറില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ റോണോക്ക് ലോകചാമ്പ്യനാകാന്‍ മാത്രം സാധിച്ചില്ല.

ഇക്കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പോര്‍ച്ചുഗലിന് പുറത്താകേണ്ടി വന്നതോടെ താരം ദേശീയ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു പലരും കരുതിയിരുന്നത്. പ്രായം 38 കടന്നിട്ടും റൊണാള്‍ഡോ രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കാതിരിക്കുന്നത് ചിലരില്‍ അതിശയമുണ്ടാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ 2024 യൂറോ ടൂര്‍ണമന്റില്‍ കളിക്കണമെന്നാണ് റോണോയുടെ ആഗ്രഹമെന്നും അതിന് ശേഷം മാത്രമെ താരം ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയുള്ളൂ എന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2024ല്‍ രാജ്യത്തിന് ഇന്റര്‍നാഷണല്‍ ട്രോഫി നേടിക്കൊടുത്തുകൊണ്ട് വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് താരം പറഞ്ഞിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.

2016ലെ യൂറോ കപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് കൊണ്ട് കിരീടം നേടിയതാണ് റൊണാള്‍ഡോയുടെ അന്താരാഷ്ട്ര കരിയറിലെ നാഴികക്കല്ല്. ഈ വിജയം പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ പ്രധാന ട്രോഫിയായിരുന്നു. ടീമിനെ അത്തരത്തിലൊരു നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാകട്ടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.

തുടര്‍ന്നും താരം ദേശീയ ജേഴ്സിയില്‍ നിരവധി നേട്ടങ്ങള്‍ വാരിക്കൂട്ടി. കളിക്കത്തില്‍ റോണോയുടെ സാന്നിധ്യം എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കുമായിരുന്നു. എന്നിരുന്നാലും രാജ്യത്തിനായി ഒരു ലോകകപ്പ് ട്രോഫി ഉയര്‍ത്താന്‍ സാധിക്കാത്തത് റൊണാള്‍ഡോയെ പോലൊരു താരത്തിന് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നതില്‍ സംശയമില്ല.

പ്രായം തടസമാകുമെന്നതിനാല്‍ ഇനിയൊരു ലോകകപ്പ് കളിക്കാന്‍ റൊണാള്‍ഡോക്ക് അവസരമുണ്ടാകില്ലെങ്കിലും വിരമിക്കുന്നതിന് മുമ്പ് ഒരു അന്താരാഷ്ട്ര ടൈറ്റില്‍ കൂടി തന്റെ രാജ്യത്തിനായി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Content Highlights: Cristiano Ronaldo picks Ronaldo Nazario, Ronaldinho and Lionel Messi as best players

We use cookies to give you the best possible experience. Learn more