| Wednesday, 1st November 2023, 8:36 pm

അങ്ങനെയെങ്കില്‍ മെസിക്ക് പകരം റൊണാള്‍ഡോ പി.എസ്.ജിയില്‍ കളിച്ചേനേ...

സ്പോര്‍ട്സ് ഡെസ്‌ക്

2019ല്‍ തനിക്ക് ലീഗ് വണ്‍ ക്ലബ്ബായ പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ കളിക്കാന്‍ അവസരമുണ്ടായിരുന്നതായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രാന്‍സ് ഫുട്‌ബോള്‍ ജേണലിസ്റ്റായ തിയറി മാര്‍ചന്‍ഡിനൊപ്പമുള്ള അഭിമുഖത്തിലാണ് റൊണാള്‍ഡോ തന്റെ പി.എസ്.ജി പ്രവേശനത്തിന്റെ സാധ്യതകളെ കുറിച്ച് സംസാരിച്ചത്.

ഫ്‌ളാമറിയോണിന് വേണ്ടിയാണ് മാര്‍ചന്‍ഡ് റൊണാള്‍ഡോയുമായി അഭിമുഖം നടത്തിയത്.

‘എന്നായിരിക്കും ക്രിസ്റ്റിയാനോയെ ഞങ്ങള്‍ക്ക് പാരീസില്‍ കാണാന്‍ സാധിക്കുക,’ എന്ന മര്‍ചന്‍ഡിന്റെ ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

‘വാതിലുകള്‍ ഇപ്പോഴും തുറന്നുകിടക്കുകയാണ്. പാരീസില്‍ നിന്നുള്ള പോര്‍ച്ചുഗീസുകാരെക്കൊണ്ട് മാത്രമേ സ്റ്റേഡിയം മുഴുവനായും നിറയുകയുള്ളൂ. അമ്പതിനായിരത്തിലധികം വരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് മുമ്പില്‍ പാര്‍ക് ഡെസ് പ്രിന്‍സെസില്‍ ഞാന്‍ എന്നെ തന്നെ കാണുന്നു. അത് വളരെ മികച്ചതായിരിക്കും,’ എന്നായിരുന്നു റൊണാള്‍ഡോയുടെ മറുപടി.

2019ല്‍ സീരി എയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്തെടുത്തത്. 2018-19 സീസണില്‍ യുവന്റസിനായി കളിച്ച 48 മത്സരത്തില്‍ നിന്നും 28 ഗോളും 11 അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. സീരി എ കിരീടത്തിനൊപ്പം സൂപ്പര്‍ കോപ്പ ഇറ്റാലിയാനയും താരം യുവന്റസിന് നേടിക്കൊടുത്തിരുന്നു.

റൊണാള്‍ഡോയുടെ ജീവചരിത്രത്തില്‍ താരം പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി മാര്‍ചന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2019 ഒക്ടോബര്‍ 22ന് യുവന്റസിന്റെ ഒരു മത്സരശേഷമാണ് താരത്തിന് പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. പി.എസ്.ജിയില്‍ ചേരാന്‍ താത്പര്യമുണ്ടോ എന്ന മാര്‍ചന്‍ഡിന്റെ ചോദ്യത്തോട് അനുകൂല നിലപാടായിരുന്നു താരം കൈക്കൊണ്ടത്. എന്നാല്‍ ആ കരാര്‍ സംഭവിക്കാതെ പോവുകയായിരുന്നു.

2019ല്‍ താരം പി.എസ്.ജിയുമായി കരാറിലെത്തിയിരുന്നെങ്കില്‍ എംബാപ്പെക്കും നെയ്മറിനുമൊപ്പം പന്തുതട്ടാന്‍ റൊണാള്‍ഡോക്ക് സാധിക്കുമായിരുന്നു. റൊണാള്‍ഡോ-നെയ്മര്‍-എംബാപ്പെ ത്രയത്തെ യൂറോപ്പിന്റെ ചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്താനുള്ള അവസരവും പി.എസ്.ജിക്ക് കൈവന്നേനെ.

എന്നാല്‍ താരം ടീമില്‍ തുടരുകയും 2021ല്‍ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പി.എസ്.ജി സ്വന്തമാക്കിയത്.

രണ്ട് വര്‍ഷക്കാലം പി.എസ്.ജിക്കായി പന്തുതട്ടിയ മെസി 75 മത്സരത്തില്‍ നിന്നും 32 ഗോളും 34 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ടീം രണ്ട് തവണ ലീഗ് വണ്‍ കിരീടം സ്വന്തമാക്കിയപ്പോഴും മെസിയുടെ സാന്നിധ്യം പി.എസ്.ജിയിലുണ്ടായിരുന്നു.

Content Highlight: Cristiano Ronaldo once expressed a desire to join  PSG

We use cookies to give you the best possible experience. Learn more