ആധുനിക ഫുട്ബോളിലെ ഗോട്ട് എന്ന് വിശേഷണമുള്ള രണ്ട് ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ കണക്കുകള്‍ക്ക് പോലും സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആരാണ് ഗോട്ട് എന്ന ചോദ്യത്തിന് ക്രിസ്റ്റ്യാനോ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലായിരുന്നു റൊണാള്‍ഡോ ഇക്കാര്യം പങ്കുവെച്ചത്. മെസിക്കൊപ്പം താനും ഗോട്ട് ആണെന്ന് പ്രസ്താവിച്ച ക്രിസ്റ്റ്യാനോ ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെയും പേര് പരാമര്‍ശിക്കുകയായിരുന്നു.
2006 ഫിഫ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ എതിരാളിയായി സിദാനും കളത്തിലിറങ്ങിയിരുന്നു. ഇരുവരും റയല്‍ മാഡ്രിഡിലും ഒരുമിച്ചുണ്ടായിരുന്നു. രണ്ട് സീസണിലധികം കാലം ലോസ് ബ്ലാങ്കോസിന്റെ പരിശീലക സ്ഥാനത്ത് സിദാനുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലുകളും സ്വന്തമാക്കിയിരുന്നു.
താങ്കള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് മെസിയാണോ ഏറ്റവും മികച്ച താരമെന്ന മോര്‍ഗന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റോണോ. മെസിയും സിദാനും മികച്ച താരങ്ങളാണെന്നും താന്‍ നേരിട്ടിട്ടുള്ളവരില്‍ വെച്ച് ഏറ്റവും മികച്ചത് ഈ രണ്ട് താരങ്ങളാണെന്നാണ് റോണോ പറഞ്ഞത്.
‘അസാധ്യനായ കളിക്കാരനാണ് മെസി. അദ്ദേഹം മാന്ത്രികനാണ്. ഞങ്ങള്‍ രണ്ട് പേരും 16 വര്‍ഷം കളം പങ്കിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ മികച്ച സൗഹൃദം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്,’ റോണോ പറഞ്ഞു.
മെസി തന്നെ കുറിച്ച് സംസാരിക്കാറുള്ള രീതിയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും ഫുട്ബോളില്‍ മികച്ച കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയെന്ന വിശേഷണമാണ് താന്‍ അദ്ദേഹത്തിന് നല്‍കുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു.
Content Highlights: Cristiano Ronaldo on GOAT debate