സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിനൊപ്പം പുതിയ സീസണ്‍ മികച്ച ഫോമില്‍ ആരംഭിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന് വേണ്ടി താരം ഇതിനകം 26 ഗോളുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഹസമിനെതിരെ നേടിയ ഗോളോടെ കരിയറില്‍ 850 ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. അല്‍ ഹസത്തിനെതിരായ മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഈ ഗോളാണ് റൊണാള്‍ഡോയെ ചരിത്രനേട്ടത്തിന് ഉടമയാക്കിയത്.
വെസ്റ്റ് ഏഷ്യ റീജിയന്‍സ് പ്ലെയര്‍ ഓഫ് ദ മന്ത് (ഓഗസ്റ്റ്) അവാര്‍ഡിനായി റൊണാള്‍ഡോയെ നോമിനേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. ഓഗസ്റ്റ് മാസത്തില്‍ മാത്രം അഞ്ച് ഗോളും രണ്ട് അസിസ്റ്റുമാണ് സൗദി പ്രോ ലീഗിലെ താരത്തിന്റെ സമ്പാദ്യം.
Cristiano Ronaldo is the Saudi Pro League top scorer and top assister this season.
കഴിഞ്ഞ മാസം അല്‍ ഫത്താഹിനെതിരായ മത്സരത്തില്‍ ഹാട്രിക് അടിക്കാനും താരത്തിന് സാധിച്ചിരുന്നു. സെപ്റ്റംബറിലും മികച്ച ഫോമില്‍ തുടരുകയാണ് ക്രിസ്റ്റിയാനോ. താരത്തിന്റെ മികവില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ വിജയിക്കാന്‍ അല്‍ നസറിന് സാധിച്ചു. അല്‍ ഹസമിനെതിരെയാണ് അല്‍ നസര്‍ അവസാനമായി കളിച്ചത്.
മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം. ഒരു ഗോളടിച്ചതിനൊപ്പം രണ്ട് ഗോളടിപ്പിച്ചും റൊണാള്‍ഡോ അല്‍ നസര്‍ നിരയില്‍ നിര്‍ണായകമായിരുന്നു.
മത്സരത്തിന്റെ 33ാം മിനിട്ടില്‍ അബ്ദുറഹ്മാന്‍ ഗരീബിലൂടെ മുമ്പിലെത്തിയ അല്‍ നസര്‍ 45+8ാം മിനിട്ടില്‍ അബ്ദുള്ള അല്‍ ഖായ്ബാരിയിലൂടെ ലീഡ് ഇരട്ടിയാക്കിയിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി കളത്തിലിറങ്ങിയ അല്‍ അലാമിയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അല്‍ ഹസം ഞെട്ടിച്ചിരുന്നു. 47ാം മിനിട്ടില്‍ മുഹമ്മദ് ബദാമോസിയിലൂടെയാണ് അല്‍ ഹസം അക്കൗണ്ട് തുറന്നത്.
എന്നാല്‍ ആദ്യ ഗോള്‍ വഴങ്ങിയതിന്റെ പത്താം മിനിട്ടില്‍ തിരിച്ചടിച്ച് ഒട്ടാവിയോ അല്‍ നസറിന് വീണ്ടും രണ്ട് ഗോളിന്റെ സോളിഡ് ലീഡ് നല്‍കി. മത്സരത്തിന്റെ 68ാം മിനിട്ടില്‍ റൊണാള്‍ഡോയുടെ ഹിസ്റ്ററി മേക്കിങ് ഗോളും 78ാം മിനിട്ടില്‍ സാദിയോ മാനേയുടെ ഗോളുമായപ്പോള്‍ അല്‍ നസര്‍ നാല് ഗോളിന്റെ ലീഡില്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും അല്‍ നസറിനായി. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റാണ് അല്‍ നസറിനുള്ളത്. സെപ്റ്റംബര്‍ 16നാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ റഈദാണ് എതിരാളികള്‍.