ചരിത്രമുറങ്ങുന്നത് ഒറ്റ ഗോള്‍ അകലെ; അല്‍ നസറിന്റെ അടുത്ത മത്സരത്തിനായി ലോകം ഒന്നടങ്കം കാത്തിരിക്കുന്നു
Sports News
ചരിത്രമുറങ്ങുന്നത് ഒറ്റ ഗോള്‍ അകലെ; അല്‍ നസറിന്റെ അടുത്ത മത്സരത്തിനായി ലോകം ഒന്നടങ്കം കാത്തിരിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 11:48 am

അല്‍ നസറിന്റെ ഒരു മത്സരത്തിനായി ഫുട്‌ബോള്‍ ആരാധകര്‍ ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു മത്സരമുണ്ടാകില്ല. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെയും അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിലെയും ഏറ്റവും വലിയ നാഴികക്കല്ലായിരിക്കും ഈ മത്സരത്തില്‍ പിറവിയെടുക്കുക.

സൗദി പ്രോ ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ആഹില്‍ സൗദിയാണ് എതിരാളികള്‍.

 

അല്‍ അവ്വാല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒരു ഗോള്‍ നേടിയാല്‍ തന്റെ സീനിയര്‍ കരിയറിലെ 900ാം ഗോള്‍ എന്ന ഐതിഹാസിക നേട്ടത്തിലേക്കാണ് റൊണാള്‍ഡോ കാലെടുത്ത് വെക്കുക. ഈ നേട്ടത്തിലെത്തുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതോടെ റൊണാള്‍ഡോയുടെ പേരില്‍ കുറിക്കപ്പെടും.

പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും ക്ലബ്ബ് തലത്തിലുമായി 899 സീനിയര്‍ ഗോളുകളാണ് റോണോ നേടിയത്.

ഇതില്‍ പകുതിയിലധികം ഗോളുകളും റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റോണോ നേടിയത്. 450 തവണയാണ് റോണോ ലോസ് ബ്ലാങ്കോസിനായി വല കുലുക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയ രണ്ട് തവണയുമായി 145 തവണയാണ് താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

പോര്‍ച്ചുഗലിനായി 130 ഗോള്‍ നേടിയ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനായും ഗോളടിയില്‍ സെഞ്ച്വറി പൂര്‍ത്തിയിക്കിയിട്ടുണ്ട്.

പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണ് വേണ്ടി തുടങ്ങിവെച്ച ഗോളടി ഇപ്പോള്‍ അല്‍ നസറിന് വേണ്ടിയും റൊണാള്‍ഡോ തുടരുകയാണ്.

ലാലീഗയില്‍ 311 ഗോളും പ്രീമിയര്‍ ലീഗില്‍ 103 ഗോളും സീരി എ-യില്‍ 81 ഗോളുമാണ് റോണോയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗിലെ 183 മത്സരത്തില്‍ നിന്നും 140 ഗോള്‍ നേടിയ താരം കോപ്പ ഡെല്‍ റേയില്‍ 22 ഗോളും എഫ്.എ കപ്പില്‍ 13 ഗോളും അടിച്ചുകൂട്ടിയിട്ടുണ്ട്.

സൗദി പ്രോ ലീഗില്‍ അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തില്‍ നേടിയ ഗോളിന് പിന്നാലെയാണ് റോണോ തന്റെ ഗോള്‍ നേട്ടം 899 ആയി ഉയര്‍ത്തിയത്. ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമിലായിരുന്നു ഫ്രീ കിക്കിലൂടെ താരം ഗോള്‍വല ചലിപ്പിച്ചത്.

മത്സരത്തില്‍ അല്‍ നസര്‍ ഒന്നിനെതിരെ നാല് ഗോളിന് വിജയിച്ചിരുന്നു. ടാലിസ്‌ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാഴ്‌സലോ ബ്രോസോവിച്ചാണ് ശേഷിക്കുന്ന ഗോള്‍ നേടിയത്. ഫാഷന്‍ സകാലയാണ് ഫെയ്ഹയുടെ ആശ്വാസ ഗോള്‍ നേടിയത്.

സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. അല്‍ റെയ്ദിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ അല്‍ നസര്‍ രണ്ടാം മത്സരത്തില്‍ തിരിച്ചുവരികയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് അല്‍ നസര്‍.

 

Content Highlight: Cristiano Ronaldo need one goal to complete 900 senior goals